
മെക്സിക്കന്‍ പ്രസിഡണ്ട് ആന്ദ്രേ മാനുവല്‍ ലോപസ് ഒബ്രഡോര്‍ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ ചിത്രത്തില്‍ മരത്തില്‍ ഇരിക്കുന്ന ഒരു വിചിത്രമായ ജീവിയെ കാണാന്‍ സാധിക്കും. ഒറ്റനോട്ടത്തില്‍ പേടിച്ചുപോകുന്ന രൂപമാണ് ഇത്.
ചിത്രം പങ്കുവച്ചുകൊണ്ട് പ്രസിഡണ്ട് കുറിച്ചത് ഇത് മായന്‍ ഐതിഹ്യങ്ങളിലെ അല്യൂക്സ് എന്ന ജീവിയാണ് എന്നാണ്. ഏതായാലും പ്രസിഡണ്ടിന്റെ പോസ്റ്റായതുകൊണ്ടും അതില്‍ ഒരു ഭീകരസ്വത്വം ഉളളതിനാലും പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. 28 ലക്ഷത്തിലധികം പേരാണ് ട്വീറ്റ് കണ്ടത്. ഉടനടി തന്നെ ഇതേക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. മായ ട്രെയിന്‍ പദ്ധതിയില്‍ ജോലി ചെയ്യുന്ന ഒരു എന്‍ജിനീയര്‍ മൂന്ന് ദിവസം മുമ്പ് എടുത്തതാണ് ഈ ചിത്രം എന്നും പ്രസിഡണ്ട് അവകാശപ്പെട്ടു. എന്നാല്‍, മറ്റ് ചിലര്‍ ഇതിന് പിന്നിലെ സത്യം മറ്റൊന്നാണ് എന്നാണ് പറഞ്ഞത്. പുതിയ ചിത്രം എന്നും പറഞ്ഞ് പ്രസിഡണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത് ശരിക്കും ഫെബ്രുവരി 21 -ന് എടുത്ത ചിത്രമാണ് എന്നാണ് അവര്‍ സൂചിപ്പിച്ചത്.
ഇനി എന്താണ് അല്യൂക്സ് എന്നല്ലേ? മായന്‍ വിശ്വാസമനുസരിച്ച് അതിമാനുഷിക ജീവികളാണ് ഈ അല്യൂക്സുകള്. ഇവ കാട്ടിലും പാടത്തും ഒക്കെയാണ് ജീവിക്കുന്നത് എന്നും കരുതുന്നു. അതുപോലെ തന്നെ മനുഷ്യരെ കളിപ്പിക്കാനായി ഒരുപാട് വികൃതികളും ഈ ജീവികള്‍ കാട്ടുമെന്നും, അവ ആളുകളെ പറ്റിക്കുകയും അവരുടെ സാധനങ്ങളെടുത്ത് ഒളിപ്പിച്ച് വച്ച് അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുമെന്നുമാണ് വിശ്വാസം. ഇതിനെ പ്രീതിപ്പെടുത്തുന്നതിനായി ഇന്നും ആളുകള്‍ നേര്‍ച്ചസമര്‍പ്പണം അടക്കം പലതും ചെയ്യാറുണ്ട്. ഒരു രാജ്യത്തിന്റെ പ്രസിഡണ്ട് തന്നെ ഇത്തരത്തില്‍ ഒരു തെറ്റിദ്ധാരണാജനകമായ പോസ്റ്റ് ഇട്ടത് ആളുകളില്‍ ചിരി പടര്‍ത്തുന്നതിനും കാരണമായിട്ടുണ്ട്.






