
നായയുടെ ആക്രമണത്തില്‍ ആറു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിക്ക് ആയിരത്തിലധികം തുന്നലുകളാണ് ഇതേ തുടര്‍ന്ന് ഇടേണ്ടിവന്നത്.
ഫെബ്രുവരി 18 -നാണ് യുഎസ്സിലെ മെയ്നില്‍ നിന്നുള്ള ലില്ലി നോര്‍ട്ടനെ അയല്‍വാസിയുടെ വീട്ടില്‍ വച്ച് പിറ്റ്ബുള്‍ കടിച്ചു കീറിയത്. ഉടനെ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി കുട്ടിയെ ബോസ്റ്റണിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ കുട്ടിയുടെ കണ്ണുകള്‍ക്ക് താഴെയും തൊണ്ടയുടെ മുകള്ഭാഗത്തുമായിട്ടാണ് മുറിവുകളേറ്റത്. ബോസ്റ്റണിലെ ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ 11 മണിക്കൂറുകൊണ്ടാണ് കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
കുട്ടിയെ ഒരാഴ്ചത്തേക്ക് സെഡേഷന്‍ കൊടുത്ത് മയക്കിയിരിക്കുകയാണ്. കുട്ടി മുഖം കൈകൊണ്ട് തൊടാതെയിരിക്കാനും മറ്റും വേണ്ടിയാണിത്. കുട്ടിയുടെ വീട്ടുകാരുടെ കുടുംബസുഹൃത്തായ സിജെ പിച്ചര്‍ അവളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായി ഗോഫണ്ട് മീ കാമ്പയിന് ആരംഭിച്ചു. ഡോക്ടര്‍മാര്‍ ലില്ലിയുടെ കുടുംബത്തോട് ഇനി ഒരിക്കലും അവള്‍ക്ക് ചിരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞതായി പിച്ചര്‍ പറയുന്നു. അവളുടെ ഉമിനീര് ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ തന്നെ അവള്‍ക്ക് ഇനി ചിരിക്കാനാവില്ല. മസിലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. എന്നും പിച്ചര്‍ പറഞ്ഞു. ലില്ലിയുടെ അമ്മ ദൊറോത്തി പറയുന്നത്, അവള് അപകടനില തരണം ചെയ്തു എന്നാണ്.
സുഹൃത്തിനൊപ്പം അടുത്ത വീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു ലില്ലി. സുഹൃത്ത് അകത്തേക്ക് പോയപ്പോള്‍ നായ ലില്ലിയെ അക്രമിക്കുകയായിരുന്നു. ലില്ലിയുടെ അലര്‍ച്ച കേട്ട് നോക്കിയവര്‍ കണ്ടത് നായ അവളെ വായക്കുള്ളിലാക്കി കടിച്ചു കീറുന്നതാണ്.






