
പ്രണയത്തിന് പ്രായവ്യത്യാസമില്ലെന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു സംഭവം. മഹാരാഷ്ട്രയിലെ കോലാപൂരിലെ അഗതി മന്ദിരത്തില്‍ അന്തേവാസികളാണ് 76 -കാരന് ബാബുറാവു പാട്ടീലും 70 -കാരി അനുസയ ഷിന്‍ഡെയും. ഇവരുടെ പ്രണയസാഫല്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. വീട്ടുകാരും ബന്ധുക്കളുമെല്ലാം കയ്യൊഴിഞ്ഞപ്പോള്‍ വൃദ്ധസദനത്തില്‍ അഭയം തേടിയ ഇവര്‍ ഇപ്പോള്‍ പരസ്പരം തുണയാവുകയാണ്.
ജാങ്കി വൃദ്ധസദനത്തിലെ അന്തേവാസികളായ ഇവര്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഇവിടെയാണ് താമസിക്കുന്നത്. ഇരുവരും തമ്മില്‍ ആദ്യം പരിചയമൊന്നുമില്ലായിരുന്നു. എല്ലാദിവസവും പരസ്പരം കാണാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തിയത്. ബാബുറാവുവും അനുസയയും കൂടുതല്‍ അടുത്തറിഞ്ഞതോടെ നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. വൃദ്ധസദനത്തിലെ അന്തേവാസികളും അവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ ഇത് പ്രണയമായി മാറുകയും ഇനിയുള്ള ജീവിതം എന്തുകൊണ്ട് ഒരുമിച്ച് ജീവിച്ചുകൂടാ എന്ന ചിന്ത ഇരുവരിലും ഉടലെടുക്കുകയും ചെയ്തു.
തങ്ങളുടെ ആഗ്രഹം അവര്‍ വൃദ്ധസദന അധികാരികളെ അറിയിച്ചതിനെ തുടര്‍ന്ന് വൃദ്ധസദനത്തിലെ അധികാരികളും അന്തേവാസികളും ഇതിന് പിന്തുണ നല്കി. ഇങ്ങനെ എല്ലാവരുടെയും സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വൃദ്ധസദനത്തിലെ തന്നെ അന്തേവാസിയായ ഡ്രൈവര്‍ ബാബാസാഹേബ് പൂജാരിയാണ് ഇരുവരുടെയും വിവാഹത്തിന് ആവശ്യമായ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയത്. ഇദ്ദേഹം തന്നെയായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടതും. അന്തേവാസികള്‍ക്ക് മുന്പില് വെച്ച് തന്നെ ഇരുവരും വിവാഹിതരായി. ജാങ്കി വൃദ്ധസദനത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് വൃദ്ധസദന അധികാരികളും സാക്ഷികളായി. ഇവരുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ओल्ड एज होम में हुआ प्यार, 75 साल के बुजुर्ग ने 70 साल की बुजुर्ग गर्लफ्रेंड से की शादी
महाराष्ट्र का कोल्हापुर में एक ओल्ड एज होम एक 75 साल से बुजुर्ग को 70 साल की बुजुर्ग महिला से प्यार हो गया.
दोनो ने पूरे रीती रिवाज के साथ शादी की. pic.twitter.com/q7M75ERzu2— Vivek Gupta (@imvivekgupta) February 27, 2023






