
സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദം ഉയരുന്നുണ്ടെങ്കില്‍ കൂടി ഇത്തരത്തിലുളള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തുകയാണ് തെലങ്കാനയില്‍ നിന്നുളള ഒരു വീഡിയോ. യുവാവിനെ സഹോദര ഭാര്യയുമായി അവിഹിതബന്ധമില്ലെന്ന് തെളിയിക്കാന്‍ 'അഗ്നിപരീക്ഷ' നടത്തിയിരിക്കുകയാണ് ഇവിടെ . 'അഗ്നിപരീക്ഷ'യെ കുറിച്ച് ഐതിഹ്യങ്ങളില്‍ പറയുന്നത് മനസിന്റെയും, ശരീരത്തിന്റെയും ശുദ്ധി വ്യക്തമാക്കുന്നതിനായി തീയില്‍ ചവിട്ടുന്നുവെന്നും അപകടമേല്ക്കാതെ രക്ഷപ്പെട്ടാല്‍ അഗ്നിപരീക്ഷ വിജയിച്ചുവെന്നുമാണ്.
തെലങ്കാനയിലെ ബഞ്ചാരുപള്ളിയിലാണ് ഈ അസാധാരണമായ സംഭവം നടന്നത്. ജ്യേഷ്ഠന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ ഗ്രാമത്തിലെ പഞ്ചായത്തായിരുന്നു 'അഗ്നിപരീക്ഷ'യ്ക്ക് വിധേയനാക്കിയത്. യുവാവിന്റെ ജ്യേഷ്ഠന് തന്നെയാണ് സഹോദരന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് യുവാവിന്റെ നിഷ്കളങ്കത തെളിയിക്കുന്നതിനായി ഇവര്‍ ഇത്തരമൊരു പരീക്ഷണരീതി അവലംബിക്കുകയാണ് ഉണ്ടായത്.
എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിന് നടുക്കായി വച്ച ഇരുമ്പ് ദണ്ഡ് കനലിലൂടെ നടന്നുചെന്ന് എടുത്തുമാറ്റാനാണ് യുവാവിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വീഡിയോയിലൂടെ ലഭിക്കുന്ന സൂചന. ഇയാള്‍ ഇതുപോലെ ചെയ്യുന്നതും വീഡിയോയില്‍ കാണാം. യുവാവ് ദണ്ഡെടുക്കാന് പോകുന്നതിന് മുമ്പായി കനല് കൂട്ടിയിട്ടതിന് ചുറ്റും കൈ കൂപ്പിക്കൊണ്ട് വലംവയ്ക്കുകയും ചെയ്യുന്നുണ്ട്. സ്ഥലത്ത് കൂടി നിന്നിരുന്നവര്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഇദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
അതേസമയം 'അഗ്നിപരീക്ഷ'യില്‍ പഞ്ചായത്ത് സംതൃപ്തരായില്ലെന്നും യുവാവ് തെറ്റ് ചെയ്തുവെന്ന നിഗമനത്തില്‍ തന്നെ ഇവര്‍ തുടര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
രാജ്യത്തെ പലയിടങ്ങളില്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും പ്രാകൃതമായ അനാചാരങ്ങളും, ശിക്ഷാരീതികളും നിലനില്ക്കുന്നുവെന്നതിന് തെളിവ് കൂടിയാണ് ഈ സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാര്യമായ ചര്‍ച്ചകള്‍ക്കും, പ്രതിഷേധങ്ങള്‍ക്കുമാണ് ഇത് വഴിതെളിച്ചിരിക്കുന്നത്.
Agnipareeksha!
In a modern day version of Ramayana, a husband was made to jump into fire
in Mulugu #Telangana to prove his fidelity. Gangadhar was even made to remove a red hot spade from the fire to prove his innocence. Interestingly, it wasn’t his wife who suspected him.Cont: pic.twitter.com/zPSdKN1k82— Revathi (@revathitweets) March 1, 2023






