
തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ രേഖകള്‍ പുറത്തുവിട്ട് മുന്‍ എംഎല്‍എ അനില്‍ അക്കര. അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിലാണ്. അഴിമതിയുടെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. വിദേശസഹായം സ്വീകരിക്കാന്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലാണ്. കെട്ടിടം പണിയാന്‍ യൂണിടാകിന് കരാര്‍ നല്കാന് തീരുമാനിച്ചത് ഈ യോഗത്തിലാണ്. വിദേശ സംഭാവന സ്വീകരിക്കുന്നതിലെ ചട്ടം മുഖ്യമന്ത്രി ലംഘിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടാണ് അനില്‍ അക്കരയുടെ പത്രസമ്മേളനം. ലൈഫ് മിഷന് സിഇഒയുടെ റിപ്പോര്‍ട്ടാണ് അനില്‍ അക്കര പുറത്തുവിട്ടത്.
കോണ്‍സുല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തുവെന്നും അനില്‍ അക്കര പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം താന്‍ തെളിയിക്കും. വിദേശ സംഭാവന സ്വീകരിക്കല്‍ ചട്ടം മുഖ്യമന്ത്രി ലംഘിച്ചു. ലൈഫ് മിഷന് ഫ്ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതിയിലുണ്ട്. സിബിഐ അന്വേഷണം തടയാനുള്ള ശ്രമമാണ് നടക്കുന്നത്. അതില്‍ താന്‍ കക്ഷി ചേരും. രേഖകള്‍ കോടതിക്ക് കൈമാറുമെന്നും അനില്‍ അക്കര പറഞ്ഞു.
ലൈഫ് മിഷന് അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അനില്‍ അക്കര പറഞ്ഞു. യോഗത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ച് ലൈഫ് മിഷന് സിഇഒ യു വി ജോസ്, മുന്‍ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നല്കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്. യോഗത്തില്കോണ്സല് ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനില്‍ അക്കര ആരോപിച്ചു. ലൈഫ് മിഷന് വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ഫോറിന് കോണ്ട്രിബൂഷന് റെഗുലേഷന് ആക്ട് (എഫ് സി ആര് എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനില്‍ അക്കര ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആണ് യോഗം നടന്നതെന്ന് സ്വപ്ന സുരേഷ് പറഞ്ഞത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ലൈഫ് മിഷന് സി.ഇ.ഒയുടെ റിപ്പോര്‍ട്ട്. ലൈഫ് മിഷനില്‍ നിന്ന് വടക്കാഞ്ചേരി പദ്ധതിയുടെ നിര്‍മ്മാണ ചുമതല എടുത്തുമാറ്റി യൂണിടാകിന് നല്കാന് ചുക്കാന്‍ പിടിച്ചത് എം.ശിവശങ്കറാണ്. അതിന് എല്ലാ അനുമതിയും നല്‍കിയത് മുഖ്യമന്ത്രിയാണെന്നും അനില്‍ അക്കര ആരോപിക്കുന്നു.
ലൈഫ് മിഷന് കോഴക്കേസില്‍ ഇ.ഡി അന്വേഷണം ഊര്‍ജിതമാക്കുന്നതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലുമാണ് അനില്‍ അക്കര സര്‍ക്കാര്‍ രേഖകളുമായി എത്തി ആരോപണം ഉന്നയിക്കുന്നത്. ഇത് മുഖ്യമന്ത്രി അടക്കമുള്ളവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്.






