
നോയിഡ: ഉസ്ബക്കിസ്ഥാനില്‍ ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കുടിച്ച് 18 കുട്ടികള്‍ മരിച്ചുവെന്ന പരാതിയില്‍ അറസ്റ്റ്. മരുന്ന് നിര്‍മ്മാണ കമ്പനിയായ നോയിഡയിലെ മാരിയണ്‍ ബയോടെകിലെ മൂന്ന് ജീവനക്കാരാണ് അറസ്റ്റിലായത്. ഓപറേഷന് മേധാവിയും രണ്ട് കെമിസ്റ്റുകളുമാണ് അറസ്റ്റിലായത്. കമ്പനിയുടെ ഡയറക്ടര്‍മാരായ ജയ ജെയിന്, സച്ചിന് ജയിന് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.
മരുന്നിന്റെ സാംപിളുകള്‍ പരിശോധിച്ചതില്‍ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രതികള്‍ക്കെതിരെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടിലെ മരുന്നില്‍ മായം കലര്‍ത്തി, മായം കലര്‍ന്ന മരുന്ന് വില്‍പ്പന നടത്തി തുടങ്ങി ഏഴാം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റാര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനിലെ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ പരാതി പ്രകാരമാണ് കേസെടുത്തതെന്ന് നോയിഡ പോലീസ് വ്യക്തമാക്കുന്നു. ആരോപണം ഉയര്‍ന്ന കഫ് റിസപ്പായ ഡോക് 1 മാക്സ് വിലവിധ ലാബുകളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് നടപടി. സാംപിളുകളില്‍ 22 എണ്ണത്തില്‍ മായം കലര്‍ന്നതായി കണ്ടെത്തിയിരുന്നു.






