
കോഴിക്കോട് : എംകെ രാഘവനെ പിന്തുണച്ച് കെ മുരളീധരന് . കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയായിരുന്നു രാഘവന്റെ പ്രതികരണം. എന്നാല്‍ പാര്‍ട്ടി വികാരമാണ് അദ്ദേഹം പറഞ്ഞതെന്നും തനിക്കും അതേ വിമര്‍ശ്ശനം ഉണ്ടെന്നും, രാഘവന് ചെയ്തത് അച്ചടക്ക ലംഘനമല്ലെന്നും മുരളീധരന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിമര്‍ശനം വ്യക്തികള്‍ക്കെതിരെയല്ല. റിപ്പോര്‍ട്ട് തേടിയതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് പ്ലീനറി സമ്മേളനത്തില്‍ നേതാക്കള്‍ വിമര്‍ശ്ശനം ഉന്നയിച്ചിരുന്നു. അടിയന്തരമായി രാഷ്ട്രീയകാര്യ സമിതിയോ എക്സിക്യൂട്ടീവോ വിളിക്കണം. ഒരു കാര്യങ്ങളും തന്നോട് പോലും ആലോചിക്കാറില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി.
പരസ്പരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നില്ല. 30 അംഗങ്ങളെ മാത്രമെ കെപിസിസി പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാനാവു. അതെങ്ങനെ 60 ആയെന്ന് അറിയില്ല. വിവാദം ആകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത് . ഡിസിസി പ്രസിഡന്റ് എംകെ രാഘവന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല. അടിയന്തരമായി രാഷ്ട്രീയ കാര്യ സമിതി വിളിച്ച് വിഷയം ചര്‍ച്ചചെയ്യണമെന്നും മുരളീധരന് വ്യക്തമാക്കി.
പി ശങ്കരന് അനുസ്മരണ പരിപാടിയിലായിരുന്നു എം കെ രാഘവന്റെ നേതൃത്വത്തിനെതിരായ വിവാദ പരാമര്‍ശം നടത്തിയത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ രീതി എന്ന വിമര്‍ശ്ശനം പാര്‍ട്ടിക്ക് ക്ഷീണമായി. പാര്‍ട്ടിയില്‍ സ്ഥാനവും മാനവും നേടണമെന്നുണ്ടങ്കില് മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍. വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും രാഘവന് വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ വി എം സുധീരനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം രാഘവന് നടത്തിയ പരസ്യ പ്രസ്താവനയില്‍ നിലപാട് കടുപ്പിക്കാനൊരുങ്ങി കെപിസിസിയും, കോഴിക്കോട് ഡിസിസിയും. പരസ്യ പ്രതികരണത്തില്‍ രാഘവനോട് വിശദീകരണം തേടാനാണ് കെപിസിസി തീരുമാനം. വിഷയത്തില്‍ കെപിസിസി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് അറിയുന്നത്.
അര്‍ഹതയുള്ളവര്‍ പുറത്ത് നില്‍ക്കുകയാണ്. പഴയ കോണ്‍ഗ്രസിലെ ആത്മബന്ധം ഇന്നത്തെ കോണ്‍ഗ്രസില്‍ ഇല്ല. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇന്ന് ആത്മബന്ധങ്ങള്‍ ഇല്ലാതാവുന്നു. സ്ഥാനമാനങ്ങള്‍ മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു. പാര്‍ട്ടിയുടെ ഗുണപരമായ വളര്‍ച്ചക്ക് ഗുണപരമായ ആളുകളെ കൊണ്ടുവരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അധപതിക്കുമെന്നും എം കെ രാഘവന് പ്രതികരിച്ചിരുന്നു






