
പശുവിന്റെയും ആടിന്റെയുമൊക്കെ പാല് കറന്നെടുത്ത ഉടന്‍ തന്നെ കുടിക്കുന്ന ആളുകളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പാല് തിളപ്പിക്കാതെ കുടിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ പറ്റി പലരും ബോധവാന്മാരല്ല.
തിളപ്പിക്കാതെ പാല് കുടിക്കുന്നത് മനുഷ്യരില്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറായ ബിരണ് റോയ് ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
ബേക്കറികളിലും, കൂള്‍ബാറുകളിലും ഷേക്ക് അടിക്കുന്ന പച്ച പാല്, പാസ്റ്റ്യുറൈസ് ചെയ്ത് പായ്ക്ക് ചെയ്ത് വരുന്ന പാലാണ്. അല്ലാതെ കറന്നെടുത്ത് അപ്പോള്‍ തന്നെ പാക്കറ്റില്‍ ആക്കി വിടുന്നതല്ല. അത് കണ്ടിട്ട് വീട്ടിലെ പശുവിന്റെ പാലെടുത്ത് അതേപടി ഫ്രീസറില്‍ കയറ്റി തണുപ്പിച്ച് ഷേക്ക് അടിച്ചാല്‍ വലിയ രോഗിയാവുമെന്നാണ് ബിരണ് റോയ് പറയുന്നത്.
ബിരണ് റോയ് പങ്കുവച്ച പോസ്റ്റിങ്ങനെ,
'ആടിന്റെ പാല് കറന്നെടുത്ത് അപ്പോള്‍ തന്നെ ആ ചൂടോടെ അങ്ങ് കുടിക്കണം, ആരോഗ്യത്തിന് ബെസ്റ്റാ.'
ഇങ്ങനെ ആരേലും ഉപദേശിച്ചാല്‍ അവരെ കണ്ടം വഴി ഓടിച്ചോണം. കാരണം കറന്നെടുക്കുന്ന പാല്, അത് പശുവിന്റെയാണെങ്കിലും ആടിന്റെയാണെങ്കിലും, ആ പാല് അനേകായിരം അണുക്കളുടെ വിഹാരകേന്ദ്രമാണ്.
തിളപ്പിക്കുമ്പോഴാണ് പാലിലുള്ള ബാക്റ്റീരിയ, വൈറസ് മുതലായ അണുക്കള്‍ നശിക്കുന്നത്.
പോസ്റ്റിനാധാരം - കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒപിയില്‍ കുറേ ആളുകള്‍ വരുന്നു. ആടിന്റെ പാല് തിളപ്പിക്കാതെ പച്ചക്ക് കുടിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആട് പടമായി. മരണകാരണം പേ. പോരെ പുകില്...
മുമ്പും ഇത് പോലെ വന്നിട്ടുണ്ട്. കറന്നെടുത്ത പശുവിന്റെ പാല് തിളപ്പിക്കാതെ ഫ്രീസറില്‍ വച്ച് ഐസ് ആക്കി, ഷേക്ക് അടിച്ചു കുടിച്ചു. പശു പടമായി. കാരണം പേ.
പ്രീയപ്പെട്ടവരെ,
ബേക്കറികളിലും, കൂള്‍ബാറുകളിലും ഷേക്ക് അടിക്കുന്ന പച്ച പാല്, പാസ്റ്റ്യുറൈസ് ചെയ്ത് പായ്ക്ക് ചെയ്ത് വരുന്ന പാലാണ്. അല്ലാതെ കറന്നെടുത്ത് അപ്പോള്‍ തന്നെ പാക്കറ്റില്‍ ആക്കി വിടുന്നതല്ല. അത് കണ്ടിട്ട് വീട്ടിലെ പശുവിന്റെ പാലെടുത്ത് അതേപടി ഫ്രീസറില്‍ കയറ്റി തണുപ്പിച്ച് ഷേക്ക് അടിച്ചാല്‍ നിങ്ങള്‍ വലിയ രോഗിയാവും.
വെഗ്ഗികള് സമ്മതിച്ചാലും ഇല്ലെങ്കിലും, പാല് എന്ന് പറയുന്നത് ഒരു അനിമല്‍ ഫുഡ് പ്രോഡക്റ്റാണ്. പശു / ആട് അവരുടെ സ്തനങ്ങളിലൂടെ, അവരുടെ കുട്ടിക്ക് വേണ്ടി ചുരത്തുന്ന പാല് ചൂണ്ടി എടുത്താണ് നമ്മള് ഉപയോഗിക്കുന്നത്. കറന്നെടുക്കുന്ന പാലില്‍ കാംപൈലോബാക്ടര്‍, ക്രിപിറ്റോസ്പൊറീഡിയം, ഇ-കോളി, ലിസ്റ്റീരിയ, ബ്രൂസെല്ല, സാല്‍മൊണല്ല മുതലായ അനേകം ബാക്റ്ററിയ-ഫംഗ-വൈറസാധികള് ഒളിഞ്ഞിരിപ്പുണ്ട്. ചെറിയ ലൂസ്മോഷന്‍ മുതല്‍ കിഡ്ണി വരെ അടിച്ചു കളയാവുന്ന രീതിയില്‍ പണി തരാന്‍ തക്ക വേന്ദ്രന്മാര് തിളപ്പിക്കാത്ത പാലിലുണ്ട്.
എങ്ങനാണ് യെവന്മാര് പാലില്‍ കയറി കൂടുന്നതെന്ന് നോക്കാ...
1. ചാണകം /ആട്ടിന്കാട്ടം - രോഗാണുക്കളുടെ വിഹാരകേന്ദ്രമാണ് ഏതൊരു ജീവിയുടെയും അപ്പി. അപ്പിയിടുന്നിടത്ത് കിടന്നുറങ്ങുന്ന ആടിന്റെയും പശുവിന്റെയും പാലിലേക്ക് രോഗാണുകള്‍ക്ക് വലിയ ദൂരം ഇല്ല.
2. പാല് തരുന്ന മൃഗത്തിന്റെ തൊലിയില്‍ അനേകായിരം അണുക്കളുണ്ട്. അവക്കും പാലിലേക്ക് വലിയ ദൂരം ഇല്ല.
3. തൊഴുത്തില്‍ നിന്നും, അത് പോലെ പാല് കറക്കാനും, ശേഖരിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ നിന്നും.
4. മാസ്സ്റ്റൈറ്റീസ് - അകിട് വീക്കം എന്നൊക്കെ പറയും
5. പാല് ചുരത്തുന്ന ഗോ /ഗോട്ട് മാതാക്കള്‍ക്കും അസുഖങ്ങള്‍ വരാം. ക്ഷയം പോലുള്ള അസുഖങ്ങള്‍ ആണെങ്കില്‍ സാലാ ഡേയ്ഞ്ചറസൂ.
6. പാലില്‍ വീഴുന്ന ഈച്ച-പ്രാണിയാദികള്.
7. കറവക്കാര/കാരിയുടെ ശുചിത്വം. അതില്ലെങ്കില്‍ ക്രോസ്സ് കണ്ടാമിനേഷന് ഉണ്ടാവാം.
മേല്‍ പറഞ്ഞ പ്രസ്തുത കാരണങ്ങള്‍ കൊണ്ട് അണുക്കളുടെ വിഹാരകേന്ദ്രമായ പാല് കുടിക്കാന്‍ പാകത്തിലാക്കുന്ന പ്രക്രിയയാണ് പാസ്റ്റുറൈസേഷന്‍., മിനിമം തിളപ്പിച്ച് ആറുകയെങ്കിലും വേണം.
വീട്ടില്‍ പശു /ആട് ഉണ്ടെങ്കില്‍ അവരുടെ പാല് തന്നെ നിങ്ങള്‍ ഉപയോഗിച്ചു കൊള്ളൂ, പക്ഷേ തിളപ്പിച്ച ശേഷം മാത്രം.






