തൃശൂര്‍: തിരുവാണിക്കാവില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു. ചേര്‍പ്പ് സ്വദേശി സഹര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം 18നാണ് ആറ് പേര് ചേര്‍ന്ന് സഹറിനെ മര്‍ദ്ദിച്ചത്. ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സഹര്‍ ഇന്ന് 11.30 ഓടെയാണ് മരണമടഞ്ഞത്.
തിരുവാണിക്കാവ് അമ്പലത്തിന് സമീപം വച്ചാണ് ഒരുസംഘം സഹറിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചത്. രാത്രി എന്തിനാണ് ഇതുവഴി വന്നതെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണമെന്ന് സഹര്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
കിഡ്നിയുടെയും ആന്തരികാവയവങ്ങളുടെയം പ്രവര്‍ത്തനം നിലയ്ക്കുന്ന വിധത്തിലായിരുന്നു മര്‍ദ്ദനം. ചേര്‍പ്പ് പോലീസ് കേസെടുത്തുവെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒരു പ്രതി വിദേശത്തേക്ക് കടന്നതായും സഹറിന്റെ കുടുംബം ആരോപിക്കുന്നു.
പ്രദേശവാസികളായ രാഹുല്‍, വിജിത്, വിനു, വിഷ്ണു, അഭിലാഷ്, ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. തൃശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹര്‍.






