
സൂറത്ത്: താലിബാന് തിരിച്ചടിയായി ഇന്ത്യയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ നേട്ടം കൈവരിച്ച് അഫ്ഗാന് വനിത. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനില്‍ നിന്നെത്തി ഗുജറാത്തില്‍ നിന്ന് സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരിക്കുകയാണ് റസിയ മുറാദി എന്ന അഫ്ഗാന് വനിത. അഫ്ഗാന് സ്ത്രീകളെയൊന്നാകെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് റസിയ കരസ്ഥമാക്കിയത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സ്ത്രീകളെ ഞാന്‍ പ്രതിനിധീകരിക്കുന്നുവെന്നും അവസരം ലഭിച്ചാല്‍ സ്ത്രീകള്‍ക്ക് ഏത് മേഖലയിലും മികവ് പുലര്‍ത്താന്‍ കഴിയുമെന്ന് താലിബാനെ അറിയിക്കാന്‍ ആഗ്രഹിക്കുകയാണെന്നും ഇവര്‍ വെളിപ്പെടുത്തി.
2022 ഏപ്രിലിലാണ് റസിയ മുറാദി എംഎ പൂര്‍ത്തിയാക്കിയത്. ഗുജറാത്തിലെ പ്രശസ്തമായ വീര്‍ നര്‍മദ് സൗത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഎ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ അഫ്ഗാന് പൗരനായ മുറാദി സ്വര്‍ണമെഡല്‍ നേടിയത്. 8.60 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് നേടിയാണ് മുറാദി ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു മെഡല്‍ദാന ചടങ്ങ്. ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ പിഎച്ച്ഡി ചെയ്യുകയാണ്. ഇന്ത്യയിലെത്തിയ ശേഷം, കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ഓണ്‍ലൈന്‍ രീതിയിലായിരുന്നു പഠനം. മിക്ക ക്ലാസുകളും പരീക്ഷകളും ആദ്യ രണ്ട് സെമസ്റ്റര്‍ പരീക്ഷകളും ഓണ്‍ലൈനായിരുന്നു. പഠനെത്തുടര്ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി മുറാദിക്ക് തന്റെ കുടുംബത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നത് വിലക്കിയ താലിബാന്റെ നടപടി ലജ്ജാകരമാണെന്ന് മുറാദി വ്യക്തമാക്കി. എനിക്ക് ഈ അവസരം നല്‍കിയതിന് ഇന്ത്യന്‍ ഗവണ്മെന്റ്, ഐസിസിആര്‍, വിഎന്‍എസ്ജിയു, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും മുറാദി പറഞ്ഞു. സ്വര്‍ണമെഡലോടെ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്, പക്ഷേ മൂന്ന് വര്‍ഷമായി വീട്ടുകാരെ കാണാന്‍ കഴിയാത്തതില്‍ അതിയായ ദുഃഖമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫോണിലൂടെയാണ് വീട്ടുകാരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നതെന്നും മുറാദി പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐസിസിആര്‍) സ്കോളര്‍ഷിപ്പോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 14,000 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ പഠിക്കുന്നത്. എന്നാല്‍ 2021 ഓഗസ്റ്റില്‍ താലിബാന് വീണ്ടും അധികാരത്തില്‍ വന്നതിനുശേഷം സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരവധി നിയന്ത്രണങ്ങള്‍ തുടരുകയാണ്. അവധിക്ക് ശേഷം അഫ്ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എംഎ പഠനത്തിനായി ഇന്ത്യയിലെത്തി മുറാദിന് താലിബാന് അധികാരത്തിലേറിയ ശേഷം തിരികെ മടങ്ങാന്‍ കഴിഞ്ഞില്ല. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് മറ്റുരാജ്യങ്ങളിലെ ആളുകള്‍ ജീവിക്കുന്നതുപോലെ ജീവിക്കാന്‍ സൗകര്യമൊരുക്കണമെന്നും മുറാദ് ആവശ്യപ്പെട്ടു.






