
മരിച്ചു എന്ന് ലോകം മുഴുവനും വിധിയെഴുതിയ ഒരാള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ജീവനോടെ തിരികെ എത്തുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. കൗതുകം ഉണര്‍ത്തുന്ന ഇത്തരത്തിലെ ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് പുറത്ത് വരുന്നത്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു എന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ഒരു അമേരിക്കന്‍ സ്ത്രീയെ പ്യൂര്‍ട്ടോ റിക്കോയിലെ ഒരു വൃദ്ധസദനത്തില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. 1992 ല്‍ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ വച്ചാണ് ഇവരെ കാണാതായത്. കണ്ടെത്താതായപ്പോള്‍ ഇവര്‍ മരിച്ചു എന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. ഇപ്പോള്‍ 82 വയസ്സുള്ള, പട്രീഷ്യ കോപ്ത എന്ന സ്ത്രീയെയാണ് മരിച്ചു എന്ന് കരുതിയതിനു ശേഷം കണ്ടെത്തിയിരിക്കുന്നത്.
കാണാതാകുന്നതിനു മുന്‍പ് ഒരു തെരുവ് പ്രാസംഗികയായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് കോപ്ത. 1999 -ല്‍ വടക്കന്‍ പ്യൂര്‍ട്ടോ റിക്കോയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്നതിനിടയിലാണ് ഒരു സാമൂഹിക പ്രവര്ത്തകന് ഇവരെ വൃദ്ധസദനത്തില്‍ എത്തിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇവര്‍ ഒരു ഡിമെന്‍ഷ്യ രോഗിയാണെന്ന് തിരിച്ചറിയുകയായിരുന്നു. തന്റെ ഭൂതകാലം ഒളിപ്പിച്ചുവെച്ചാണ് ഇവര്‍ ആദ്യകാലങ്ങളില്‍ അഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഡിമെന്‍ഷ്യ രോഗം കൂടിയതോടെ തന്റെ ഭൂതകാലത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വൃദ്ധസദനത്തിലെ നേഴ്സിംഗ് ഹോമിലെ ജീവനക്കാര്‍ പെന്‍സില്‍വാനിയ അധികൃതരുമായി ബന്ധപ്പെടുകയും കോപ്തയെ കുറിച്ചുള്ള കാര്യങ്ങള്‍ അവരെ അറിയിക്കുകയും ചെയ്തു. ഡിഎന്‍എ ടെസ്റ്റിലാണ് ഇവരുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞത്. പെന്‍സില്‍വാനിയയില്‍ നിന്ന് ഇവരെ കാണാതാകുന്നതിനു മുന്‍പ് ഇവര്‍ സ്ക്രീസോഫ്രീനയുടെ ചില ലക്ഷണങ്ങളും കാണിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. രോഗ ചികിത്സയുടെ ഭാഗമായി ആശുപത്രി സെല്ലില്‍ കിടത്തി ചികിത്സിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ഇവര്‍ വീണ്ടും തന്നെ പൂട്ടിയിടുമോ എന്ന് ഭയന്നാണ് നാടുവിട്ടത് എന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, ഇത്രയും കാലം ഒളിവില്‍ കഴിയാന്‍ ഇതുതന്നെയാണോ കാരണം എന്നതില്‍ വ്യക്തതയില്ല. ഭാര്യ ജീവിച്ചിരിക്കുന്നത് അറിഞ്ഞതില്‍ താന്‍ വളരെയധികം സന്തോഷവാനാണെന്ന് കോപ്തയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി.






