
ഉള്‍പാര്‍ട്ടി പോര് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഡിസിസി ബ്ലോക്ക് പുനസംഘടനാ നടപടികള്‍ നീളുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായേക്കും. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും യോഗമാണ് കെപിസിസി അധ്യക്ഷന്‍ വിളിച്ചിരിക്കുന്നത്. ഈ മാസം 30 മുതല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ വാര്‍ഷിക ആഘോഷങ്ങളുടെ തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിപാടിയുടെ ഉദ്ഘാടനത്തിനായി കേരളത്തില്‍ എത്തുന്നുണ്ട്. ഇത് തന്നെയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ടയെന്ന് നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍, പല തവണ അന്ത്യശാസനം നല്‍കിയിട്ടും ജില്ലകളില്‍ നിന്നുള്ള പുനസംഘടന പട്ടിക കെപിസിസിക്ക് ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഗ്രൂപ്പുകളുടെ എതിര്‍പ്പ് ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായേക്കും.






