കാസര്‍ഗോഡ്: പെണ്മക്കള്ക്ക് തന്റെ സ്വത്തിലുള്ള പിന്തുടര്ച്ചാവകാശം ഉറപ്പിക്കുന്നതിന് ഷുക്കൂര്‍ വക്കീല്‍ ഇന്ന് വീണ്ടും വിവാഹിതനായി. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ വക്കീലിന്റെ റോളിലൂടെ കേരളക്കരയാകെ പ്രശസ്തനായ അഡ്വ. സി. ഷുക്കൂറും ഭാര്യ ഡോ.ഷീന ഷുക്കൂറുമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ന് വീണ്ടും വിവിാഹിതരായത്. മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യുട്ടറാണ് അഡ്വ.ഷുക്കൂര്‍. കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയും മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ പ്രൊ വി.സിയുമാണ് ഡോ.ഷീന ഷുക്കൂര്‍.
ഷുക്കൂര്‍- ഷീന ദമ്പതികള്‍ക്ക് മൂന്ന് പെണ്മക്കളാണുള്ളത്. മുസ്ലീം വ്യക്തി നിയമമനുസരിച്ച് പിന്തുടര്ച്ചാവകാശത്തിന് ആണ്മക്കളില്ലെങ്കില് പിതാവിന്റെ സ്വത്തില്‍ മൂന്നില്‍ രണ്ട് ഭാഗത്തിനു മാത്രമാണ് പെണ്മക്കള്ക്ക് അവകാശം. ഒരു ഭാഗം പിതാവിന്റെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. തങ്ങളുടെ പെണ്മക്കളുടെ അവകാശം നഷ്ടപ്പെടാതിരിക്കാന്‍ ഇരുവരും ഇന്ന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം പുനര്വിവാഹിതരാകുകയായിരുന്നു.
വനിതാ ദിനം കൂടിയായ മാര്‍ച്ച് എട്ടിന് രാവിലെ പത്ത് മണിക്ക് ഇരുവരും ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായി. കാഞ്ഞങ്ങാട് ആറങ്ങാടി മെറാക്കിലെ ഷുക്കൂറും പാലക്കാട് പുതുപ്പാരിയാരം സ്വദേശിനി ഷീനയും 1994 ഒക്ടോബര്‍ ആറിനായിരുന്നു ആദ്യം വിവാഹിതരായത്. മുസ്ലീം ലീഗ് നേതാവായിരുന്ന പാണക്കാട് സെയ്ദ് ഹൈദരലി തങ്ങളുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം.
ചില പാശ്ചാത്യ രാജ്യങ്ങളില്‍ ദമ്പതികള്‍ വിവാഹ വാര്‍ഷികത്തില്‍ ദമ്പതികള്‍ വീണ്ടും വിവാഹിതരാകാറുണ്ട്. ചില ഹിന്ദു വിഭാഗങ്ങളില്‍ ഭര്‍ത്താവിന് 60 വയസ്സും 80 വയസ്സുമൊക്കെ പിന്നിടുമ്പോള്‍ ദമ്പതികള്‍ തമ്മില്‍ വീണ്ടും വിവാഹം കഴിക്കാറുണ്ട്. എന്നാല്‍ പെണ്മക്കള്ക്ക് പിന്തുടര്ച്ചാവകാശം ലഭിക്കാന്‍ സ്പെഷ്യല്‍ മാര്യേജ് നികമപ്രകാരം വിവാഹം കഴിക്കുന്ന ആദ്യ ദമ്പതികളായിരിക്കും അഡ്വ.ഷുക്കൂറും ഡോ.ഷീനയും.
അതേസമയം, വക്കീലിനെതിരെ സമസ്തയുടെ കീഴിലുള്ള ദാറുല്‍ ഹുദ യൂണിവേഴ്സിറ്റിയുടെ ഫത്വ കൗണ്‍സില്‍ രംഗത്തെത്തി. ഷുക്കൂര്‍ വക്കീലിന്റെ വിവാഹ രജിസ്ട്രേഷന് നാടകമാണെന്നും ഫത്വ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മരണാനന്തരം മുഴുവന്‍ സമ്പാദ്യങ്ങളും തന്റെ മൂന്ന് പെണ്മക്കള്ക്ക് മാത്രം ലഭിക്കാന്‍ വേണ്ടിയാണ് വിവാഹ നാടകം. ഇസ്ലാം മതവിശ്വാസിയെന്ന് അവകാശപ്പെടുന്നയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് വിരോധാഭാസമാണ്. സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ച് ഇസ്ലാം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളെ സമഗ്രമായി മനസ്സിലാക്കാത്തതിന്റെ ദുരന്തമാണ് ഇത്തരം ആലോചനകള്‍. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികള്‍ പ്രതിരോധിക്കുമെന്നും കൗണ്‍സില്‍ പുറത്തിറക്കിയ ഫത്വയില് പറയുന്നു.






