
മരിച്ചുപോയവരുടെ ആത്മാക്കളുമായി സംസാരിക്കാന്‍ സാധിക്കും എന്ന നിഗൂഢ വാദവുമായി 1886 ല്‍ അമേരിക്ക പുറത്തിറക്കിയ ഗെയിം ആണ് ഓജോബോര്‍ഡ്. ലോകത്തുടനീളമുള്ള കൗമാരക്കാരിലും വിദ്യാര്‍ത്ഥികളിലും ഇത് ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് വഴി മാനസികമായ പല പ്രശ്നങ്ങളും കുട്ടികള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടാറുണ്ട്.
വീണ്ടും കുട്ടികള്‍ക്കിടയില്‍ ഇത് വ്യാപകമായി തുടരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഗുരുതര സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഓജോബോര്‍ഡ് കളിച്ച് തളര്‍ന്നു വീണ കൊളംബിയയിലെ ഗാലേരസ് എജുക്കേഷണല്‍ ഇന്സ്റ്റിറ്റൂഷ്യനിലെ 28 പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഘം ചേര്‍ന്നിരുന്ന് ഓജോബോര്‍ഡ് കളിക്കുന്നതിനിടയില്‍ ആകാംക്ഷയും പരിഭ്രാന്തിയും വര്‍ദ്ധിച്ച് കുട്ടികള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തി വിവരങ്ങളോ ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. എന്നാല്‍, കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു എന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഗുരുതരമായ ആരോപണമാണ് സ്കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപകമായി ഉയരുന്നത്. സ്കൂളില്‍ ഇതിനുമുമ്പും ഓജോബോഡിന്റെ ഉപയോഗം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം കൊടുക്കുന്ന സ്കൂള്‍ അധികൃതരുടെ രീതി അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല എന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.
ആകാംക്ഷയും പരിഭ്രാന്തിയും കൂടിയതിനെ തുടര്‍ന്ന് കുട്ടികളിലെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ തളര്‍ന്നു വീഴുകയായിരുന്നു എന്നാണ് ആശുപത്രിയില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കുട്ടികളില്‍ എല്ലാവരിലും ഒരേ രോഗ ലക്ഷണമാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.






