പത്തനംതിട്ട; പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പരസ്പരം മദ്യലഹരിയില്‍ അടിപിടി കൂടിയതിനാണ് നടപടി. തര്‍ക്കം നടന്നത് സ്ഥാനക്കയറ്റം ലഭിച്ച പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു. സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസമാണ്.
മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങ് നടന്നത്. പരിപാടിയില്‍ ക്യാംപുകളുലേയും പൊലീസ് സ്റ്റേഷനുകളിലേയും ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് മദ്യലഹരിയിലെത്തിയ പൊലീസുകാര്‍ തമ്മില്‍ അടിപിടിയായത്.
സംഘര്‍ഷമുണ്ടായത് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ജി ഗിരിയും ജോണ്‍ ഫിലിപ്പും തമ്മിലാണ്. ഇരുവരെയും പരിപാടിയില്‍ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ചേര്‍ന്ന് പിടിച്ച് മാറ്റുകയായിരുന്നു. അടിക്ക് സാക്ഷിയായി സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. തുടര്‍ന്ന് ഇരുവരെയും അന്വേഷണ വിധേയമായി
സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.






