
ഭക്ഷണത്തിന്റെ കാര്യത്തില്‍ മിക്കപ്പോഴും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമെല്ലാം നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളെ പരിഹസിക്കുന്ന വടക്കേ ഇന്ത്യക്കാരും, വടക്കേ ഇന്ത്യക്കാരുടെ ഭക്ഷണത്തെ അംഗീകരിക്കാത്ത ദക്ഷിണേന്ത്യക്കാരും പതിവ് കാഴ്ചകള്‍ തന്നെയാണ്.
ഇത്തരത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്റ്റാന്‍ഡ്-അപ് കൊമേഡിയനായ ഗോവിന്ദ് മേനോന് പങ്കുവച്ച ഒരു വീഡിയോയാണ് പുതിയ ചര്‍ച്ചാ വിഷയം. വീഡിയോ കണ്ട ശേഷം നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിക്കൊണ്ടിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയെ കുറ്റപ്പെടുത്തിയാണ് ഗോവിന്ദ് വീഡിയോയില്‍ സംസാരിക്കുന്നത്. ഇഡ്ഡലി യാതൊരു രുചിയുമില്ലാത്ത സ്പോഞ്ച് പോലത്തെ ഒരു വിഭവം ആണ്. ഇതിനെ എപ്പോഴും എന്തിനാണ് ഇങ്ങനെ പ്രകീര്ത്തിക്കുന്നതെന്നാണ് ഗോവിന്ദ് വീഡിയോയില്‍ ചോദിക്കുന്നത്. ഇനിയെങ്കിലും പൊക്കിയടിക്കുന്നത് നിര്‍ത്താനാണ് ഗോവിന്ദ് വാദിക്കുന്നത്. തുടര്‍ന്ന് ഇഡ്ഡലിയെ പ്രശസ്ത ബോളീവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ അഭിനയവുമായാണ് ഗോവിന്ദ് താരതമ്യപ്പെടുത്തുന്നത്. എല്ലാവരും കുറേക്കാലമായി നല്ലത് എന്ന് പറഞ്ഞുപറഞ്ഞു നല്ലതായി വരുന്നത് പോലെയാണ് ഇഡ്ഡലിയും രണ്‍ബീറിന്റെ അഭിനയവുമെന്ന് ഗോവിന്ദ് രസകരമായി പറയുന്നത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ചിലര്‍ക്ക് ഇഡ്ഡലിയെ കുറ്റം പറഞ്ഞത് അംഗീകരിക്കാന്‍ ആയില്ല. മറ്റു ചിലര്‍ തങ്ങളുടെ ഇഷ്ട വിഭവങ്ങളും ഇഷ്ടമില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുകയാണ്.






