
ന്യൂഡല്‍ഹി: വന്യമൃഗങ്ങളും മനുഷ്യരും തമ്മില്‍ പോരാട്ടം നടത്തുന്ന കാലത്ത് മനുഷ്യനും മൃഗവും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായബന്ധമാണ് ഇത്തവണ ഇന്ത്യയിലേക്ക് ഓസ്ക്കര്‍ പുരസ്ക്കാരത്തെ എത്തിച്ചത്. ഫോട്ടോഗ്രാഫറും സംവിധായികയുമായ കാര്‍ത്തികി ഗോണ്‍സാല്‍വസും നിര്‍മ്മാതാവ് ഗുനീത് മോംഗയും ഈ സിനിമയിലൂടെ പറഞ്ഞത് രഘു എന്ന ആനക്കൂട്ടിയെ വളര്‍ത്തിയ ബൊമ്മന്റേയും ബെല്ലിയുടേയും കാടിന്റെയും കഥയായിരുന്നു.
ബൊമ്മന്റെയും ബെല്ലിയുടേയും കൂടെ അവരുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ത്ത് കാര്‍ത്തികി പകര്‍ത്തിയ 40 മിനിറ്റുകള്‍ നീണ്ട ദൃശ്യങ്ങള്‍ നെറ്റ്ഫ്ളിക്സായിരുന്നു റിലീസ് ചെയ്തത്. ഗുനീത് മോംഗയായിരുന്നു നിര്‍മ്മാതാവ്. ഓസ്ക്കറില്‍ 'ദി എലിഫന്റ് വിസ്പേറേഴ്സ്' പുരസ്ക്കാരം നേടുമ്പോള്‍ പൂര്‍ണ്ണമായും ഒരു ഇന്ത്യന്‍ സിനിമ ഇന്ത്യയിലേക്ക് ഓസ്ക്കര്‍ കൊണ്ടുവരുന്നു എന്ന നേട്ടം കൂടിയാണ് ഡോക്യൂഷോര്ട്ട്ഫിലിം ഉണ്ടാക്കിയത്. മുതുമല ദേശീയോദ്യാനത്തിലായിരുന്നു സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചത്.
ഹോളോട്ട്, ദി മാര്ത്താമിച്ചല് എഫക്സ്, സ്ട്രേഞ്ചര്‍ അറ്റ്ദിഗേറ്റ്, ഹൗഡൂയു മെഷര്‍ എ ഇയര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ദി എലിഫന്റ് വിസ്പര്‍ ഓസ്ക്കറില്‍ ഏറ്റവും മികച്ച ഡോക്യൂ ഷോര്‍ട്ട്ഫിലിമായി മാറിയത്. അനാഥനായ ആനക്കുട്ടിയെ ഗോത്രവിഭാഗത്തില്‍ പെട്ട ബെല്ലിയും ബൊമ്മനും വളര്‍ത്തുന്നതാണ് സിനിമ പറഞ്ഞത്. ആനക്കുട്ടിയും മനുഷ്യരും തമ്മിലുള്ള ബന്ധം മാത്രമായിരുന്നില്ല സിനിമ. ചുറ്റുമുള്ള മനോഹരകാഴ്ചകളും ക്യാമറ കാട്ടിത്തന്നു. രണ്ടു സ്ത്രീകളുടെ കൂട്ടായ്മ ഇന്ത്യയിലേക്ക് ഓസ്ക്കര്‍ കൊണ്ടുവന്നു എന്ന അപൂര്‍വ്വത കൂടി ഈ ഡോക്യൂ ഷോര്ട്ട്ഫിലിമിലുണ്ട്.






