
പനാജി: മാലിന്യക്കൂമ്പാരം കത്തിയതിന്റെ വിഷപ്പുകയില്‍ മുങ്ങിയ കൊച്ചിയെ ഓര്‍ത്ത് കേരളം വിഷമിക്കുമ്പോള്‍ കാട്ടുതീയില്‍ നൂറിലധികം വര്‍ഷം പഴക്കമുള്ള മരങ്ങള്‍ സഹിതം കത്തി നശിച്ചതിന്റെ സങ്കടത്തിലാണ് ഗോവ. തുടര്‍ച്ചയായി ഒമ്പതാം ദിവസമാണ് കാട്ടുതീയില്‍ ഗോവ വിയര്‍ക്കുന്നത്.
മരങ്ങളും ജീവജാലങ്ങളുമടക്കം വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരാറുള്ള മരങ്ങളും പക്ഷികളും ഇഴജന്തുക്കളും ഉള്‍പ്പെടെ എട്ടിലധികം ജൈവ വൈവിദ്ധ്യങ്ങളുടെ ലോകത്തിലെ തന്നെ ഹോട്ട് സ്പോട്ടിലാണ് കാട്ടുതീ പടര്‍ന്നത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങള്‍ ഉള്‍പ്പെടെയാണ് ചാരമായതെന്ന് തീയണയ്ക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ദ്ധരും പറയുന്നു.
തന്റെ കണ്മുന്നിലൂടെയാണ് 100 വര്‍ഷം പഴക്കമുള്ള ഒരു മരം നിലം പതിച്ചതെന്നാണ് ഒരു പരിസ്ഥിതി പ്രവര്ത്തകന് പറഞ്ഞത്. സട്ടാരിയിലെ എംഹാദി വന്യജീവി സങ്കേതത്തിലും മൊള്ളത്തെ ഭഗവാന് മഹാവീര്‍ വന്യജീവി സങ്കേതത്തിലുമാണ് തീ പടര്‍ന്നത്. മരങ്ങളുടെ വേരുകള്‍ക്ക് പോലും നാശമുണ്ടായതിനാല്‍ ഇനി ആ വൃക്ഷങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും പറഞ്ഞു. തീ പടര്‍ന്നതോടെ മരങ്ങള്‍ക്ക് ചുറ്റും വാളണ്ടീയര്‍മാര്‍ കുഴി കുത്തിയിരുന്നു. സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഗോവന്‍ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെയും സ്വകാര്യഭൂമിയിലെയും പൊതുഭൂമിയിലെയും സ്വകാര്യ കാടുകളിലുമായി മാര്‍ച്ച് 5 മുതല്‍ 48 തീപിടുത്തം ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വരെ 11 തീപ്പിടുത്തം ഉണ്ടാകുകയൂം 512 ജീവനക്കാര്‍ തീയണയ്ക്കാനുള്ള ജോലികളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. എംഹേദായി വന്യജീവി സങ്കേതത്തില്‍ തീ കത്തിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴു ദിവസം മുമ്പ് ഇവിടുത്തെ സാട്രേം ഗ്രാമത്തിലാണ് ആദ്യമായി തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. തീ പെട്ടെന്ന് പടരുകയായിരുന്നു.






