പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. ഷോളയൂര്‍ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു മരണം. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അമ്മ സുധ അരിവാള്‍ രോഗിയായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് അഗളിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സുധയ്ക്ക് എട്ട് മാസം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം ആദിവാസി സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെപി റീത്ത പറഞ്ഞു. 'ആദിവാസി ഗ്രാമങ്ങളിലെ ഗര്‍ഭിണികളുടെ പ്രതിവാര അവലോകനം നടത്തി വരികയാണ്.ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ തടയുന്നതിന് എല്ലാ വകുപ്പുകളും ഇപ്പോള്‍ മികച്ച ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്', അവര്‍ പറഞ്ഞു.






