
ന്യൂഡല്‍ഹി: ബ്രഹ്മപുരം തീപിടുത്തത്തില്‍ വിദഗ്ദ സംഘത്തെ അയയ്ക്കണമെന്ന ആവശ്യവുമായി ആരോഗ്യ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ച് കേരള എംപിമാര്‍. കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്, ടി. എന്‍ പ്രതാപന്, എം കെ രാഘവന്, കെ മുരളീധരന്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന് ബെന്നി ബഹനാന് എം. പി എന്നിവരടക്കമുള്ളവരാണ് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് നിവേദനം സമര്‍പ്പിച്ചത്. ബ്രഹ്മപുരത്തേക്ക് എയിംസില്‍ നിന്നുള്ള വിദഗ്ദ സംഘത്തെ അയക്കണം. കുറ്റക്കാരെ ശിക്ഷിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമവ്യവസ്ഥകള്‍ ബലപ്പെടുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
മലിനീകരണത്തിന്റെ ആഴം എത്രയാണെന്ന് പഠിക്കാനും പ്രദേശവാസികള്‍ക്ക് ഭാവിയിലുണ്ടായേക്കാവുന്ന ആരോഗ്യപരമായ പ്രതിസന്ധികള്‍ മനസ്സിലാക്കാനുമാണ് എയിംസില്‍ നിന്നുള്ള വിദഗ്ദ സംഘത്തെ അയക്കണമെന്ന് എം പിമാര്‍ ആവശ്യപ്പെട്ടത്. ഇതു കൂടാതെ തീപിടുത്തത്തില്‍ മാനുഷിക ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും നൂനതനമായ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ കേന്ദ്രം ധനസഹായം നല്‍കണമെന്നും എം പിമാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സംഭവം നടന്ന് ഇത്രയും ദിവസം ആയിട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് രേഖാമൂലം സഹായം അഭ്യര്‍ത്ഥിക്കാത്തത് എന്തുകൊണ്ടെന്ന് കേന്ദ്ര മന്ത്രി എംപിമാരോട് ചോദിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ദുരന്ത നിവാരണത്തിന് മറ്റു മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അധികം വൈകാതെ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എംപിമാര്‍ക്ക് ഉറപ്പു നല്കി.






