
തന്റെ കടയില്‍ നിന്ന് പഴം വാങ്ങാനെത്തുന്നവര്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ സമ്മാനിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു പഴകച്ചവടക്കാരന്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ ഇദ്ദേഹം തന്റെ കടയില്‍ നിന്ന് ആര് പഴങ്ങള്‍ വാങ്ങിയാലും അവര്‍ക്ക് സൗജന്യമായി ഒരു പുസ്തകം നല്‍കും. 63 കാരനായ ഇദ്ദേഹം യുവ തലമുറയുടെ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ശീലം വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്നത്. അറിവും വിദ്യാഭ്യാസവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തെന്നാണ് ഈ മനുഷ്യന് വിശ്വസിക്കുന്നത്
തഞ്ചാവൂര്‍ പൂക്കര തെരുവ് സ്വദേശിയായ ഖാജാ മൊയ്തീന് എന്ന കച്ചവടക്കാരനാണ് ഇത്തരത്തില്‍ വേറിട്ടൊരു ശൈലി തന്റെ ജീവിതത്തിലൂടെ പിന്തുടരുന്നത്. കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയായ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ജീവിതത്തിലെ ഓരോ കാര്യങ്ങളും ചെയ്യുന്നത്. 'സഖാവ് പഴക്കട' എന്നര്‍ത്ഥം വരുന്ന 'തൊഴര്‍ ഫ്രൂട്ട് സ്റ്റാള്‍' എന്നാണ് അദ്ദേഹം തന്റെ കടയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്ക് ഇദ്ദേഹം അവരുടെ 'സഖാവ്' ആണ്.
11 വര്‍ഷം മുന്‍പ് മകന് മരിച്ചത് തൊട്ടാണ് ഇദ്ദേഹം കടയില്‍ വരുന്നവര്‍ക്ക് പുസ്തകം നല്കുന്ന സമ്പ്രദായം തുടങ്ങിയത്. ഇത്തരമൊരു ശീലം ആരംഭിച്ചത് മകന്റെ മരണം ഉണ്ടാക്കിയ ശ്യൂനതയില്‍ നിന്നും കരകയറാനായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പുസ്തകങ്ങള്‍ വായിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി, നേതാക്കളുടെ ജീവചരിത്രങ്ങള്‍, കുട്ടികളുടെ കഥകള്‍, തമിഴ് - ഇംഗ്ലീഷ് നിഘണ്ടു തുടങ്ങിയ പുസ്തകങ്ങളൊക്കെയാണ് ഇദ്ദേഹം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നത്.
ഒമ്പതാം ക്ലാസ്സ് വരെ മാത്രമാണ് പഠിച്ചതെങ്കിലും വായനയോട് ചെറുപ്പം മുതല്‍ വലിയ താല്‍പ്പര്യമാണ് ഖാജയ്ക്ക്. തന്റെ എല്ലാ അറിവുകളും വായനയിലൂടെ കിട്ടിയതാണെന്നാണ് അദ്ദേഹം പറയുന്നത്. പുതുതലമുറയും അറിവിന്റെ മഹത്വം അറിയാനാണ് ഇങ്ങനെയൊരു കാര്യം താന്‍ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മരണശേഷം തന്റെ ശരീരം തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിന് ദാനം ചെയ്യാണമെന്ന കണക്കുകൂട്ടലിലാണ് ഖാജാ മൊയ്തീന്.






