
പാരീസ്: യൂറോപ്പിലെ വിഖ്യാതനഗരങ്ങളുടെ പട്ടികയിലാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിന്റെ സ്ഥാനം. എന്നാല്‍ ലോക ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചിട്ടുള്ള നഗരത്തിലെ താമസക്കാരായ ജനങ്ങളെ ഇപ്പോള്‍ വിറപ്പിക്കുന്നത് എലികളും പാറ്റകളുമാണ്. നഗരത്തില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ എലികളെയും പാറ്റകളെയും ആകര്‍ഷിക്കുമെന്നും അവയില്‍ മുള്ളുകളും കാഷ്ടിക്കുന്നതും ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നുമാണ് നഗരവാസികളില്‍ പലരുടെയും ഭയം.
പാരീസിന് പുറമേ മറ്റ് ഫ്രഞ്ച് നഗരങ്ങളായ റെന്നീസ്, ലെ ഹാര്‍വേ, നാന്റസ് എന്നീ നഗരങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പെന്ഷന് പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ ശുചീകരണ തൊഴിലാളികളുടെ സമരമാണ് എല്ലാറ്റിനും കാരണം. മാര്‍ച്ച് 6 മുതല്‍ ഇവര്‍ തുടങ്ങിവെച്ച സമരം നഗരത്തിലെ മാലിന്യനിര്‍മ്മാര്‍ജ്ജന ജോലികളെ താറുമാറാക്കിയിരിക്കുകയാണ്.
പലയിടത്തും പച്ചക്കറിവേസ്റ്റും ആഹാരാവശിഷ്ടങ്ങളുമെല്ലാം കുന്നുകൂടി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനം താറുമാറായതോടെ നഗരത്തിലെ നിരത്തുകളില്‍ തിങ്കളാഴ്ച വരെ മാറ്റപ്പെടാത്ത നിലയിലായിരിക്കുന്ന മാലിന്യം 5,600 ടണ്‍ വരെയായി. നഗരത്തിലെ മൂന്ന് മാലിന്യ നിര്‍മ്മാര്‍ജ്ജന സൈറ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിന്നപ്പോള്‍ നാലാമത്തേത് ഭാഗികമായി പ്രവര്‍ത്തനം നിന്ന നിലയിലാണ്.
ഇതോടെയാണ് എലികളും പാറ്റകളും വ്യാപിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. വൃത്തിയില്ലാത്ത അന്തരീക്ഷം എലികളെ കൊണ്ടുവരുമെന്നും അവയുടെ മൂത്രവും കാഷ്ടവുമെല്ലാം അനാരോഗ്യം ഉണ്ടാക്കുമെന്നും അവയ്ക്ക് പ്രജനനം നടത്തി പെരുകാന്‍ സാഹചര്യം ഒരുക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പ്രശ്നം പാരീസിനൊപ്പം മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
നിലവില്‍ ജോലിയില്‍ നിന്നും വിരമിക്കാനുള്ള പ്രായം 57 ആണെന്നിരിക്കെ അത് 62 ലേക്കും 64 ലേക്കും ഉയര്‍ത്താനുള്ള പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിയുടെ തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. തങ്ങള്‍ കൂടുതല്‍ വര്‍ഷം ജോലി ചെയ്യേണ്ടി വരുന്നതാണ് ശുചീകരണ തൊഴിലാളികളെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രാദേശിക പത്രമായ ലെ പെരിസിയന് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്ത അനുസരിച്ച് സമരം ബുധനാഴ്ച വരെയെങ്കിലും നീളുമെന്നാണ് കരുതുന്നത്.






