ബംഗലൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി സ്വപ്ന സുരേഷ്. എം.വി ഗോവിന്ദന് അയച്ചുവെന്ന് പറയുന്ന വക്കീല്‍ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ല. താന്‍ മാപ്പുപറയണമെന്നും അല്ലെങ്കില്‍ ഒരു കോടി രുപ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് പറയുന്നതെന്ന് കേട്ടു. 'മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്' എന്നു മാത്രമാണ് തനിക്കു പറയാനുള്ളതെന്നും സ്വപ്ന ബംഗഗൂരുവില് മാധ്യമങ്ങളോട് പ്രതികരിച്ചു. വിജേഷ് പിള്ളയ്ക്കെതിരായ പരാതിയില്‍ കാഡുഗൊഡി സ്റ്റേഷനില്‍ വീണ്ടും മൊഴി നല്കാന് എത്തിയതായിരുന്നു സ്വപ്ന.
അന്വേഷണവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ കഴിയില്ല. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആദ്യമൊരു അവതാരം വന്നു ഷാജ് കിരണ്‍, മുഖ്യമന്ത്രിക്ക് വേണ്ടി ചര്‍ച്ച നടത്തി സെറ്റില്‍മെന്റിനാണ് വന്നത്. അത് പുറത്തുവിട്ടപ്പോള്‍ ഷാജ് കിരണിനെ രക്ഷപ്പെടുത്തി കൊച്ചി പോലീസ് എനിക്കെതിരെ കേസെടുത്തു.
പിന്നീട്, വിജേഷ് പിള്ള എം.വി ഗോവിന്ദന് പറഞ്ഞിട്ടാണെന്ന് പറഞ്ഞു വന്നു. എനിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഗോവിന്ദനേയും മറ്റാരെയും എനിക്കറിയില്ല. അവര്‍ പറഞ്ഞുവിട്ടെന്ന് പറഞ്ഞുവെന്ന് പറഞ്ഞതിനാണ് കേസ്.
താന്‍ മാപ്പുപറയണമെന്ന് എം.വി ഗോവിന്ദന് നോട്ടീസ് അയച്ചതായി അറിയുന്നു. മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്. എന്റെ ഭാഗത്തുനിന്ന് അത് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. നോട്ടീസിന് എന്റെ അഭിഭാഷകന് അതിനു മറുപടി നല്‍കും.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ സ്വപ്ന സുരേഷ് അടങ്ങില്ല. എല്ലാം സ്വാഗതം ചെയ്യുന്നു. എല്ലാം പുറത്തുകൊണ്ടുവരും. വിജേഷ് പിള്ള എന്നു പറഞ്ഞ വ്യക്തി എന്നോട് പറഞ്ഞത്. മിനിമം മൂന്നു വര്‍ഷമെങ്കിലൂം തന്നെ അകത്താക്കുമെന്ന് പറഞ്ഞു. ക്രൈംബ്രാഞ്ച് ഇപ്പോള്‍ എനിക്കെതിരെ കേസെടുത്തു. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ?
വിജേഷ് പിള്ള എന്ന പേര് താന്‍ വിജയ് പിള്ള എന്ന് തെറ്റിച്ച് പറഞ്ഞതിനെ ചിലര്‍ പരിഹസിക്കുന്നു. അഡ്വക്കേറ്റ് വിജയ് ആക്ഷന്‍ ഒടിടി എന്നാണ് ട്രൂകോളറില് പേര് വന്നത്.
ഹസ്കര്‍ എന്നയൊരാള്‍ എല്ലാ ചാനലിലും വന്ന് തന്നെ അധിക്ഷേപിക്കുന്നു. എന്റെ വ്യക്തിവിവരങ്ങള്‍ ആധികാരങ്ങള് ചാനലില്‍ വന്ന് സംസാരിക്കാന്‍ ആരാണ് അധികാരം നല്‍കിയത്. ഞാന്‍ പത്ത് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്ന് പറയാന്‍ അയാളാണോ എന്നെ പഠിപ്പിച്ചത്. രവീന്ദ്രന് പത്ത് പാസായോ എന്നന്വേഷിച്ചിട്ടുണ്ടോ? എന്നില്‍ എന്തെങ്കിലും ഗുണം കണ്ടിട്ടാണല്ലോ മുഖ്യമന്ത്രി എന്നെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത്. ഈ സര്‍ക്കാരില്‍ എത്ര പേര് പത്ത് പാസായിട്ടുണ്ട്.
ഹസ്കര്‍ ഒരു അഡ്വക്കേറ്റ് ആണെന്ന് പറയുന്നു. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണോ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. എനിക്കെതിരെ അധിക്ഷേപം നടക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നൂം അവര്‍ പറഞ്ഞു.
ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് പിള്ള എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയില്‍ ബംഗലൂരു പോലീസ് ഇന്ന് വീണ്ടും മൊഴിയെടുത്തു. കാഡുഗൊഡി സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് മൊഴി നല്‍കിയത്.
വിജേഷിനെതിരെ സ്വപ്ന നേരത്തെ പരാതി നല്‍കിയിരുന്നു. അതുപ്രകാരം ഇരുവരും കൂടിക്കാഴ്ച നടത്തിയ സൂരി ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം, വിജേഷ് പിള്ള ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തെ വിലാസത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വാട്സ്ആപ്പ് നമ്പറില്‍ നോട്ടീസ് അയച്ചിട്ടും പ്രതികരമില്ലെന്നും പോലീസ് വ്യക്തമാക്കി.






