
സ്വപ്നങ്ങള്‍ കാണാത്തവരായി ആരുമില്ല. ദിയു സ്വദേശിയായ അനില്‍ ചൗഹാന് എന്ന യുവാവിന്റെ സ്വപ്നമെന്താണെന്നോ? പ്ലാസ്റ്റിക് വിമുക്ത ഇന്ത്യയെ സൃഷ്ടിയ്ക്കുക. അതിനു വേണ്ടി തന്നെ കൊണ്ട് സാധിയ്ക്കുന്നതെല്ലാം ചെയ്യാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സൈക്കിളില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ബോധവത്കരണ സന്ദേശം നടത്തുകയാണ് ഇദ്ദേഹം. ഈ യാത്രയിലെ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് ഈ യാത്ര നടത്തുന്നത് അനില്‍ ചൗഹാന് തനിച്ചല്ല, പിന്നെയോ, അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കളും കൂടിയുണ്ട് ഈ യാത്രയില്‍ അച്ഛനൊപ്പം കൂട്ടായി.ഒരു സൈക്കിളില്‍ മക്കളെ രണ്ടുപേരെയും പിന്നില്‍ ഇരുത്തിയാണ് അനില്‍ ചൗഹാന് രാജ്യം ചുറ്റി സഞ്ചരിക്കുന്നത്.
ഇവരുടെ ഈ യാത്ര തുടങ്ങിയിട്ട് 1 വര്‍ഷവും 3 മാസവും ആയി. യുവ തലമുറയ്ക്ക് കൂടി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നതിനു വേണ്ടിയാണ് തന്റെ മക്കളായ ശ്രേയ ചൗഹാനും, അപ്തി ചൗഹാനെയും അനില്‍ ചൗഹാന് ഒപ്പം കൂട്ടാന്‍ കാരണം.
മത്സ്യത്തൊഴിലാളിയാണ് അനില്‍ ചൗഹാന്. അദ്ദേഹത്തിന്റെ ഭാര്യയുടെ മരണശേഷമാണ് തന്റെ മക്കള്‍ക്കൊപ്പം ഇത്തരത്തില്‍ ഒരു യാത്ര ഇയാള്‍ ആരംഭിച്ചത്. മാള്‍ഡ വഴി മുര്‍ഷിദാബാദില്‍ ആണ് ഇവരുടെ യാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. അടുത്ത നാല് മാസത്തിനുള്ളില്‍ സ്വന്തം നാടായ ദിയുവിലേക്ക് മടങ്ങാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അച്ഛനൊപ്പം ഒരു വലിയ ലക്ഷ്യത്തിനായുള്ള യാത്രയിലാണെങ്കിലും ശ്രേയ ചൗഹാനും അപ്തി ചൗഹാനും യാത്രയ്ക്കിടയിലും ഓണ്‍ലൈന്‍ ക്ലാസിലൂടെ പഠനം നടത്തുന്നുണ്ട്.
അനില്‍ ചൗഹാന് ഇതിനോടകം തന്നെ വടക്കുകിഴക്കന്‍ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ സന്ദര്‍ശിച്ച് പ്ലാസ്റ്റിക്കിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരണം നടത്തിയിട്ടുണ്ട്. താന്‍ ഇത്തരത്തില്‍ ഒരു യാത്ര ആരംഭിച്ചപ്പോള്‍ തന്റെ നാട്ടുകാര്‍ തന്നെ പരിഹസിച്ചെന്നും എന്നാല്‍ ഇത് തന്റെ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും ഇയാള്‍ പറയുന്നു. യാത്രയില്‍ തനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായതെന്നും പലരും തങ്ങള്‍ക്ക് ഭക്ഷണം പോലും തരാന്‍ തയാറാകുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.






