
കഴിഞ്ഞ മൂന്ന് ദിവസം മുമ്പായിരുന്നു മഹാരാഷ്ട്രയിലെ പതാര്‍ഡി താലൂക്കില്‍ നിന്ന് മര്‍ഹി യാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് ഭക്തന്മാരാണ് തങ്ങളുടെ ഗുരുവായ കനിഫ്നാഥിന്റെ സമാധി സ്ഥലം കാണാനായി യാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയില്‍ മഹാരാഷ്ട്രക്കാരോടൊപ്പം കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ കര്‍ഷകരും പങ്കെടുക്കുന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്.
ഈ ഭക്തിനിര്‍ഭര യാത്ര അതിനാല്‍ തന്നെ പലപ്പോഴും ഇന്ത്യന്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള ഒരു കച്ചവടയാത്ര കൂടിയാണ്. തങ്ങളോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ തങ്ങള്‍ക്ക് വില്‍ക്കാനുള്ള വസ്തുക്കളും കൊണ്ടുവരുന്നു. യാത്ര കഴിയുമ്പോഴേക്കും കൈയിലുള്ളത് വിറ്റ്, ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി അവയുമായി ഇവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ച് പോകുന്നു. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ യാത്രയായതിനാല്‍ ഇത്തവണത്തെ യാത്രയ്ക്ക് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഇത്തവണ യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രം യാത്രയ്ക്കിടെ നടക്കുന്ന വാണിഭ മേളയിലേക്ക് എത്തിച്ച കഴുതകളാണ്. ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ കാര്‍ഷികാവശ്യത്തിനായി കഴുതകളെ ഉപയോഗിക്കുന്നുണ്ട്. ചെലവ് കുറവെന്നത് തന്നെയാണ് ഇതിന്റെ കാരണം. ആവശ്യക്കാരേറെയുണ്ടെങ്കിലും അതിനാവശ്യമായ കഴുതകളില്ലെന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
മൂന്ന് തരം കഴുതകളാണ് സാധാരണയായി യാത്രയ്ക്കിടെ വില്പനയ്ക്കായി എത്തിയിരുന്നത്. ഒന്നാമത്തേ വിഭാഗമായ പഞ്ചാബി ഹൈബ്രിഡ് കഴുതയ്ക്ക് ആവശ്യക്കാരേറെയാണ്. അതിനാല്‍ തന്നെ ഇതിന്റെ വിലയും കൂടുതലാണ്. ഒരു കഴുതയുടെ വില ഒരു ലക്ഷം രൂപയാണ്. കച്ചവടക്കാര്‍ 300 കഴുതകളുമായാണ് യാത്രയ്ക്കായി തിരിച്ചത്. എന്നാല്‍ ഇവര്‍ യാത്രയില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ പകുതിയിലേറെയും ആളുകള്‍ വാങ്ങിപ്പോയിരുന്നു. ഇതോടെ യാത്രയ്ക്കിടെ നടന്ന കച്ചവടത്തില്‍ കഴുതകളുടെ വില കുത്തനെ കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.






