ന്യുഡല്‍ഹി: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. രാജ്യവിരുദ്ധ ടൂള്‍കിറ്റിന്റെ സ്ഥിരം പങ്കാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് നദ്ദ ആരോപിച്ചു. രാഹുല്‍ ഗാന്ധി യുകെയില്‍ നടത്തിയ പരാമര്‍ശത്തിലാണ് വിമര്‍ശനം.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏര്‍പ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. രാജ്യം പല തവണ തള്ളിയിട്ടും രാഹുല്‍ ഗാന്ധി ഈ ദേശവിരുദ്ധ ടൂള്‍കിറ്റിന്റെ സ്ഥിരം ഭാഗമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങളുടെ ഇടപെടല്‍ രാഹുല്‍ ഗാന്ധി തേടുകയാണ്. അതിന്റെ ഉദ്ദേശം എന്താണ്. -നദ്ദ ചോദിക്കുന്നു.
രാജ്യം ലോക സാമ്പത്തിക ശക്തികളില്‍ അഞ്ചാമതെത്തി. ജി20 രാജ്യങ്ങളുടെ ഉച്ചകോടി ഇവിടെ നടക്കുകയാണ്. രാഹുല്‍ ഗാന്ധിയാകട്ടെ വിദേശ മണ്ണില്‍ പോയി രാജ്യത്തേയും പാര്‍ലമെന്റിനേയും അപമാനിക്കുകയാണ്. -അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, തന്റെ പരാമര്‍ശത്തില്‍ സഭയില്‍ വിശദീകരണം നല്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സ്പീക്കറെ കണ്ടു. എന്നാല്‍ സഭയില്‍ മാപ്പുപറയാതെ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബിജെപി. രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
അതിനിടെ, ബഹളത്തില്‍ ലോക്സഭാ തിങ്കളാഴ്ച വരെ പിരിഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ബഹളം വച്ചപ്പോള്‍ അദാനി വിഷയത്തില്‍ സംയുക്തി പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ബഹളം വച്ചു. ഒരാഴ്ചയായി ഇരുകക്ഷികളും തുടരുന്ന ബഹളത്തില്‍ സഭാനടപടികള്‍ പൂര്‍ണ്ണമായും തടസ്സപ്പെടുകയാണ്.






