
അഫ്ഗാന് ഭരണകൂടമായ താലിബാന് സര്‍ക്കാരില്‍ നിന്നും മുന്‍ ജിഹാദികള്‍ രാജിവയ്ക്കുന്നുവെന്ന് ലാഭരഹിത ഗവേഷണ സ്ഥാപനമായ അഫ്ഗാന് അനാലിസിസ് നെറ്റ്വര്‍ക്കിന്റെ ഏറ്റവും പുതിയ റിപ്പോട്ട്. താന്‍ അഭിമുഖം നടത്തിയ അഞ്ച് താലിബാന് പോരാളികളെ അടിസ്ഥാനമാക്കിയാണ് അഫ്ഗാന് അനാലിസിസ് നെറ്റ്വര്‍ക്കിന്റെ ഗവേഷകനായ സബാവൂന്‍ സമീം താലിബാന് സര്‍ക്കാരില്‍ നിന്നും മുന്‍ ജിഹാദികള്‍ രാജിവയ്ക്കുന്നതായി വ്യക്തമാക്കിയത്.
സബാവൂന്‍ സമീം താലിബാന് തീവ്രവാദി സംഘത്തിലെ ഒരു സ്നൈപ്പര്‍, ഒരു കമാന്റര്‍, രണ്ട് പോരാളികള്‍, ഒരു ഡെപ്യൂട്ടി കമാന്റര്‍ എന്നിവരെയാണ് അഭിമുഖം നടത്തിയത്. 'അവര്‍ 24 മുതല്‍ 32 വയസ് വരെ പ്രായമുള്ളവരാണ്. ആറ് മുതല്‍ 11 വര്‍ഷം വരെ താലിബാന് വേണ്ടി അഫ്ഗാനിസ്ഥാനിലുട നീളം വിവിധ പദവികളില്‍ യുദ്ധം ചെയ്തവരാണെന്നും സബാവൂന്‍ പറയുന്നു. അഭിമുഖങ്ങളില്‍ പങ്കെടുത്തവര്‍ തങ്ങള്‍ ജിഹാദി പോരാളികളായാണ് താലിബാനില്‍ ചേര്‍ന്നതെന്ന് അവകാശപ്പെട്ടു. എന്നാല്‍. രണ്ടാമതും താലിബാന് അഫ്ഗാന് ഭരണം ഏറ്റടുത്തപ്പോള്‍, ജിഹാദി പോരാളികള്‍ സര്‍ക്കാര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി.
താലിബാന് അധികാരമേറിയതിന് പിന്നാലെ നിരവധി പേരാണ് രാജ്യം ഉപേക്ഷിച്ച് പോയത്. ഇതില്‍ പകുതിയിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു, അതിനാല്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറവ് നികത്താനായി താലിബാന് സ്വന്തം ജിഹാദി പോരാളികളെ ക്ലറിക്കല്‍ ജോലി ഏല്‍പ്പിക്കുകയായിരുന്നു. യുദ്ധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നിരവധി പോരാളികള്‍ ഇതേ തുടര്‍ന്ന് ട്രാഫിക്കിലും സര്‍ക്കാര്‍ ഓഫീസുകളിലെ പേപ്പര്‍ വര്‍ക്കുകളിലും ഒതുങ്ങി. സബാവൂണ്‍ സമിന് നല്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് അധികാരമേറ്റെടുത്ത് ഒന്നരവര്‍ഷം പിന്നിടുമ്പോഴേക്കും ജിഹാദികള്‍ക്ക് ക്ലറിക്കല്‍ ജോലി മടുത്തുതുടങ്ങിയെന്നതാണ്.
'ഞങ്ങള്‍ക്ക് താലിബാനെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ, ഓഫീസ് ജോലികള്‍ താലിബാനെ നശിപ്പിച്ചു, എന്നായിരുന്നു റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഒരു ടിക്ക് ടോക്കര്‍ പറഞ്ഞത്. രാവിലെ 8 മണിക്ക് ജോലിക്ക് കയറിയാല്‍ വൈകീട്ട് 4 മണി കഴിഞ്ഞാലും ഇറങ്ങാന്‍ പറ്റുന്നില്ലെന്ന് ഒരു മുന്‍ ജിഹാദി പറഞ്ഞതായും സബാവൂന്‍ സമീം റിപ്പോര്‍ട്ട് ചെയ്തു.






