
ഡെന്മാര്ക്ക് യൂണിവേഴ്സിറ്റി ഓഫ് ഒഡെന്‍സ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മസ്തിഷ്ക ശേഖരം സ്വന്തമാക്കി . 37 വര്‍ഷമായി ഗവേഷണ ആവശ്യങ്ങള്‍ക്കായി ശേഖരിച്ച 9,479 മനുഷ്യ മസ്തിഷ്കങ്ങാണ് സര്‍വ്വകലാശാല ശേഖരത്തിലുള്ളത്. 1980 -കള്‍ വരെയുള്ള നാല് പതിറ്റാണ്ടിനിടെ മാനസികാരോഗ്യക്കുറവുള്ള ആളുകളുടെ മൃതദേഹങ്ങളില്‍ നിന്നും ശേഖരിച്ച മസ്തിഷ്കങ്ങളാണ് ഇവയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവ സൂക്ഷിച്ചിരിക്കുന്നത് ഫോര്മാലിനുള്ളിലാണ്. 1945 -ല്‍ പ്രമുഖ ഡാനിഷ് സൈക്യാട്രിസ്റ്റ് എറിക് സ്ട്രോംഗ്രെന്‍ തന്റെ ഗവേഷണ പഠനങ്ങള്‍ക്കായി ആരംഭിച്ചതാണ് ഈ ശേഖരം. ഡെന്മാര്ക്കിലെ മാനസികാരോഗ്യ സ്ഥാപനങ്ങളില്‍ മരണപ്പെട്ട രോഗികളുടെ മൃതദേഹങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് ഈ തലച്ചോറുകള്‍ ശേഖരിച്ചിരിക്കുന്നത്. എന്നാല്‍ മരിച്ചവരില്‍ നിന്നോ അവരുടെ കുടുംബാംഗങ്ങളില്‍ നിന്നോ ഇതുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയിട്ടില്ലെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.
മസ്തിഷ്കങ്ങള്‍ ശേഖരിച്ച ആശുപത്രികളെല്ലാം സര്‍ക്കാരിന്റെ മാനസികാരോഗ്യ സ്ഥാപനങ്ങളായിരുന്നതിനാല് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് പുറത്തുനിന്നുള്ള ആരും ചോദിച്ചിരുന്നില്ലായെന്നാണ് മനോരോഗ ചരിത്ര വിദഗ്ധനായ ജെസ്പര്‍ വാസി ക്രാഗ് പറയുന്നത്. ആ കാലഘട്ടങ്ങളില്‍ മാനസികാരോഗ്യക്കുറവുള്ളവരെ സമൂഹത്തിന് ഒരു ഭാരമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അതിനാ
ല്‍ തന്നെ ഇവരുടെ മാനുഷികാവകാശങ്ങള്‍ വലിയതോതില്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. ഡെന്മാര്ക്കില് 1989 വരെ ഇവര്‍ക്ക് വിവാഹം കഴിക്കാന്‍ പ്രത്യേക അനുമതി ആവശ്യമായിരുന്നു.
എന്നാല്‍, രോഗികളുടെ അവകാശങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങുകയും , പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ കൂടുതല്‍ ചിട്ടയുള്ളതാക്കുകയും ചെയ്തതോടെ 1982 -നു ശേഷമുളള മസ്തിഷ്കങ്ങള്‍ ഇതിലേക്ക് വന്നില്ല. എങ്കിലും ശേഖരിക്കപ്പെട്ട മസ്തിഷ്കങ്ങള്‍ എന്തു ചെയ്യണമെന്ന ചോദ്യം ഉയര്‍ന്നു. ഇതോടെ ഡെന്മാര്ക്കിന്റെ സ്റ്റേറ്റ് എത്തിക്സ് കൗണ്‍സില്‍ ഇവയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും ശാസ്ത്രീയ ഗവേഷണ പഠനങ്ങള്‍ക്കായി ഇതിനെ ഉപയോഗിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.






