
നിര്‍ത്താതെ ഗെയിം കളിച്ചിരുന്ന കുട്ടിക്ക് ഒരു അച്ഛന് നല്കിയ ശിക്ഷയാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. നീണ്ട 17 മണിക്കൂര്‍ നിര്‍ത്താതെ ഗെയിം കളിപ്പിച്ചു കൊണ്ടാണ് അച്ഛന് മകനെ ശിക്ഷിച്ചത്. ഇതോടെ അച്ഛനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ചൈനയിലെ ഷെന്ഷെന്നിലാണ് സംഭവം നടന്നത്. രാത്രി ഒന്നര ആയിട്ടും മകന് ഉറങ്ങാതെ ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അച്ഛന് മകന് ഇങ്ങനെയൊരു ശിക്ഷ നല്‍കിയത്.
ഹുവാങ്ങ് എന്നാണ് അച്ഛന്റെ പേര്. അച്ഛന് നോക്കുമ്പോള്‍ രാത്രിയിലും മകന് ഉറങ്ങാതെ തന്റെ ഫോണില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, തന്റെ ഫോണ്‍ കുട്ടിയില്‍ നിന്നും പിടിച്ചു വാങ്ങുന്നതിന് പകരം അച്ഛന് അവനോട് നിര്‍ത്താതെ ഗെയിം കളിക്കാന്‍ പറയുകയായിരുന്നു. അച്ഛന് അവനെ ഉറങ്ങാനും സമ്മതിച്ചില്ല.
ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഡുയിനിലാണ് .അച്ഛന് മകനോട് നിര്‍ത്താതെ ഗെയിം കളിക്കാന്‍ പറഞ്ഞു. മകന്റെ ആരോഗ്യത്തിന് ഉറങ്ങാതെ ഗെയിം കളിക്കുന്നത് എത്ര മോശമാണെന്ന് ബോധ്യപ്പെടുത്താനായിരുന്നുവത്രെ ഇത്. തുടര്‍ന്ന് അച്ഛന് മകന്റെ സ്കൂളില്‍ വിളിച്ച് അവന് ഇന്ന് അവധിയായിരിക്കും എന്ന് പറഞ്ഞു.
ആദ്യമൊക്കെ കുട്ടി ആസ്വദിച്ചായിരുന്നു ഗെയിം കളിച്ചത്. എന്നാല്‍ 12 മണിക്കൂര്‍ കഴിഞ്ഞതോടെ കുട്ടിക്ക് തന്റെ ഉറക്കം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. എന്നിരുന്നാലും അച്ഛന് കുട്ടിയെ ഉറങ്ങാന്‍ അനുവദിച്ചില്ല. കുറച്ച് മണിക്കൂറുകള്‍ കൂടി അവന് പിടിച്ചിരുന്നു. അവസാനം വൈകുന്നേരം 6.30 -ന് അവന് അച്ഛനോട് മാപ്പ് പറഞ്ഞ ശേഷമാണത്രെ ഉറങ്ങാനായത്.
അച്ഛനോട് മാപ്പ് പറഞ്ഞ് ഒരു കത്തും അവന് എഴുതി. ഇനി ഉറങ്ങാതിരുന്ന് ഗെയിം കളിക്കില്ല എന്നാണ് ഇതില്‍ കുട്ടി എഴുതിയിരിക്കുന്നത്. എന്നാല്‍ ഈ ശിക്ഷാരീതി താന്‍ മറ്റ് രക്ഷിതാക്കള്‍ക്ക് നിര്ദ്ദേശിക്കില്ലായെന്നാണ് അച്ഛന് വ്യക്തമാക്കിയത്.






