
നാഗർകോവിൽ: കന്യാകുമാരിയില്‍ 18 കാരിയുമായി അശ്ളീല സംഭാഷണം വൈറലായ സംഭവത്തില്‍ പള്ളീലച്ചന്റെ ലാപ്ടോപില്‍ നിന്നും കണ്ടെത്തിയത് 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങളെന്ന് സൈബർ ക്രൈം വിഭാഗം. സ്ത്രീപീഡനത്തിന് കേസെടുക്കപ്പെട്ടിരിക്കുന്ന പള്ളി വികാരിയ്ക്ക് എതിരേ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ ആക്ട് കൂടി ചുമത്തേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്.
ലാപ്ടോപ്പില്‍ നിന്നും കണ്ടെത്തിയ ദൃശ്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടേത് ഉണ്ടെങ്കില്‍ പോക്സോ ആക്ട് കൂടി ചുമത്തും. യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ വികാരി ബെനഡിക്റ്റ് ആന്റോയാണ് (29) അറസ്റ്റിലായത്. ഇയാള്‍ കന്യാകുമാരിയിലെ അഴകിയ മണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ളവർ ഫെറോന പള്ളി ഇടവക പുരോഹിതനാണ്. നാഗർകോവിൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെയാണ് അറസ്റ്റുചെയ്തത്.
പേച്ചിപ്പാറ സ്വദേശിയായ 18കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു. ഇതോടെ വൈദികൻ ഒളിവിൽ പോയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വയനാട്ടില്‍ നിന്നും നാഗര്‍കോവിലില്‍ എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി നാഗർകോവിലിലേക്ക് വരുന്നതായി അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വില്ലിക്കുറിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാള്‍ക്കൊപ്പം മറ്റൊരു വൈദികന് കൂടി കാറിലുണ്ടായിരുന്നു.
പ്രതിയെ നാഗർകോവിൽ എസ്.പി ഓഫീസിലെ സൈബർ ക്രൈം വിഭാഗത്തിലെ പൊലീസുകാർ ചോദ്യം ചെയ്തശേഷം വൈകിട്ടോടെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. അതിക്രമത്തിനിരയായവർ പരാതി നൽകാന് മുമ്പോട്ട് വരണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുമായി എത്തുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.






