
പോയ രണ്ടു വര്‍ഷവും കോവിഡ് ഭീതിയില്‍ ആയിരുന്നു ലോകം. ഭൂരി ഭാഗം ആളുകള്‍ക്കും കോവിഡ് പിടിപെട്ടിട്ടുണ്ടായിരുന്നു. പലര്‍ക്കും കോവിഡ് ആനന്തര രോഗങ്ങള്‍ വരിന്നു എന്നാണ് പുതിയ പഠനം. കോവിഡ് വിട്ടുമാറിയതിനു ശേഷം മറ്റുപല രോഗങ്ങളും പലരേയും വിടാതെ പിന്തുടരുന്നു.
'ദീര്‍ഘകാല കോവിഡ് അല്ലെങ്കില്‍ ലോങ് കോവിഡ് ' എന്നാണ് ഇതറിയപ്പെടുന്നത്. ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങളായി രുചിയും മണവും നഷ്ടപ്പെടുന്നതും അമിതമായ ക്ഷീണവും തലവേദനയുംവരാറുണ്ടെന്നു കണ്ടെത്തിയിരുന്നു. മസ്തിഷ്കം, ചിന്തകള്‍ എന്നിവയ്ക്കെല്ലാം പലര്‍ക്കും ആശയക്കുഴപ്പവും മന്ദതയും വരുന്ന ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ പലരും നേരിടുന്നുണ്ടെന്ന കാര്യം പല ആളുകളും പങ്കുവെച്ചിരുന്നു.
ഫേസ് ബ്ലൈന്‍ഡ്നസ് അഥവാ prosopagnosia എന്ന അവസ്ഥയും ദീര്‍ഘകാല കോവിഡ് ബാധിച്ചവരില്‍ കണ്ടെത്തുന്നുവെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. മുഖം തിരിച്ചറിയാന്‍ കഴിയാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡറാണ് ഫേസ് ബ്ലൈന്‍ഡ്നസ്. സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത പ്രശ്നവും ഫേസ് ബ്ലൈന്‍ഡ്നസ് പിടിപെട്ടവര്‍ നേരിടുന്നു. അമേരിക്കയിലെ ഡാര്‍മൗത് കോളേജിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം ഇതു സംബന്ധിച്ചു പഠനം നടത്തി.
2020 മാര്‍ച്ചില്‍ കോവിഡ് പിടിപെട്ട ഇരുപത്തിയെട്ടുകാരിയായ ആനി എന്ന യുവതിയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. കോവിഡ് പിടിപെടുന്നതിനു മുമ്പുവരെ ആനിക്ക് മുഖങ്ങള്‍ തിരിച്ചറിയുന്നതിലും മറ്റും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നേരിട്ടിരുന്നില്ല. എന്നാല്‍ കോവിഡ് വന്നു രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും തന്റെ അടുത്ത ബന്ധുക്കളെപ്പോലും ആനിക്ക് തിരിച്ചറിയാന്‍ സാധിയ്ക്കാതെ വന്നു.
ഹോട്ടലില്‍ വെച്ച് സ്വന്തം അച്ഛനെ കണ്ടപ്പോള്‍ പോലും ആനിയ്ക്ക് തിരിച്ചറിയാന്‍ സാധിയ്ക്കാതെ വന്നിട്ടുണ്ടെന്നും ആനി പറയുന്നു. അച്ഛന്റെ ശബ്ദം തിരിച്ചറിയാന്‍ പറ്റിയെങ്കിലും മുഖം അപരിചിതന്റേതു പോലെ അനുഭവപ്പെടുകയായിരുന്നെന്നും ആനി പറഞ്ഞു.
താന്‍ ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നത് അവരുടെ ശബ്ദത്തെ ആശ്രയിച്ചാണ് എന്നും ആനി വ്യക്തമാക്കി. കോവിഡിനു പിന്നാലെ സ്ഥലങ്ങള്‍ തിരിച്ചറിയാനുള്ള പ്രശ്നവും താന്‍ നേരിടുന്നതായി ആനി ഗവേഷകരോട് പറഞ്ഞു. നിരന്തരം ഇവര്‍ പോകാറുള്ള സ്ഥലങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ആനി പറഞ്ഞു.






