
കഴിഞ്ഞ ദിവസം ഒരാള്‍ തന്റെ മുത്തശ്ശി അവരുടെ 14 വയസ്സ് മുതല്‍ വായിച്ച എല്ലാ പുസ്തകങ്ങളുടെയും പട്ടിക തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇത് വായനക്കാരായ ട്വിറ്റര്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ബെന്‍ മൈറസ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തന്റെ 94 വയസ്സുള്ള മുത്തശ്ശി വായിച്ച പുസ്തകങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
അതിനൊപ്പം അദ്ദേഹം കുറിച്ചതിങ്ങനെ ' 94 വയസ്സുള്ള എന്റെ മുത്തശ്ശി 14 വയസ്സ് മുതല്‍ വായിച്ച എല്ലാ പുസ്തകങ്ങളുടെയും ഒരു ലിസ്റ്റ് സൂക്ഷിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടോളം നീണ്ട ഒരാളുടെ മനസ്സിന്റെ അത്ഭുതകരമായ ചരിത്ര രേഖകള്‍.' 35 ലക്ഷത്തിലേറെ പേരാണ് ബെന്‍ മൈറസിന്റെ ട്വീറ്റ് ഒറ്റ ദിവസം കൊണ്ട് കണ്ടത്. മുത്തശ്ശി രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെയിലാണ് തന്റെ പുസ്തക വായന തുടങ്ങുന്നത്, 1943 ല്‍.
അക്കാലത്തെ ജര്‍മ്മന്‍ സാഹിത്യമാണ് ഇതില്‍ പ്രധാനമായും ഉള്ളത്. ഓസ്ട്രേലിയയിലേക്ക് കുടിയേറും മുമ്പ് ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി സേവനമനുഷ്ഠിക്കുമ്പോള്‍ അവര്‍ വായിച്ച പുസ്തകങ്ങള്‍ രേഖപ്പെടുത്തിയ ഒരു പേജും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ''ലിസ്റ്റ് ചെയ്തിരിക്കുന്ന മൊത്തം പുസ്തകങ്ങളുടെ എണ്ണം 1658 ആണ് (80 വര്‍ഷത്തില്‍ രണ്ടാഴ്ചയ്ക്ക് ഏകദേശം ഒന്ന് എന്ന തരത്തില്‍).
സ്കൂള്‍ പൂര്‍ത്തിയാക്കാന്‍ ഒരിക്കലും അവസരം ലഭിക്കാത്ത ഒരു വ്യക്തിക്ക് ഇത് മോശമായ ലിസ്റ്റല്ല. ഒരു പക്ഷേ മറ്റൊരു ലോകത്ത് അവള് യൂണിവേഴ്സിറ്റിയില്‍ തത്ത്വശാസ്ത്രം പഠിക്കുമായിരുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറിപ്പ് വൈറലായതോടെ നിരവധി പേര് സംശയങ്ങളുമായി എത്തി. ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് മുത്തശ്ശി ഇംഗ്ലീഷ് , ജര്‍മ്മന്‍ ഭാഷയിലുള്ള പുസ്തകങ്ങള്‍ മാത്രമേ വായിക്കൂ എന്നായിരുന്നു.
എന്നാല്‍ അവര്‍ വളരെ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ സെര്‍ബിയന്‍ പുസ്തകങ്ങളും ചിലപ്പോഴൊക്കെ ചില ഹംഗേറിയന്‍ പുസ്തകങ്ങളും വായിച്ചിരുന്നെന്ന് മൈറസ് മറുപടി നല്കി. നേരത്തെ ഇത്തരമൊരു ലിസ്റ്റ് ട്വിറ്ററില്‍ തരംഗം തീര്‍ത്തിരുന്നു. എ കെ എന്നു പേരു നല്കിയ ട്വിറ്റര്‍ അക്കൗണ്ട് ഉടമയായ തന്റെ മുത്തച്ഛന് 1958 മുതല്‍ 1974 വരെ കണ്ട എല്ലാ സിനിമകളുടെയും ലിസ്റ്റായിരുന്നു ഇത്.






