
13 വര്‍ഷം മുന്‍പാണ് കോറല്‍ അമയി എന്ന യുവതിക്ക് തന്റെ ക്യാമറ നഷ്ടപ്പെട്ട് പോയത്. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹമായിരുന്നു അന്ന്. ആ സമയത്ത് അനിമാസ് നദിയിലാണ് അവള്‍ക്ക് തന്റെ ക്യാമറ നഷ്ടമായത്. തന്നെയുമല്ല ഈ ക്യാമറയില്‍ പകര്‍ത്തിയിരുന്ന ചിത്രങ്ങളൊന്നും ഇവര്‍ കംപ്യൂട്ടറിലേക്ക് പകര്ത്തിയിരുന്നുമില്ല. ക്യാമറ നഷ്ടപ്പെട്ടതും ചിത്രങ്ങള്‍ നഷ്ടപ്പെട്ടതുമെല്ലാം അവളെ വളരെയധികം വേദനിപ്പിച്ചു. അവളാകെ തകര്‍ന്നു പോയി. തിരികെ തന്റെ കാമുകന്റെ വീട്ടിലെത്തിയ കോറല്‍ ഒരുപാട് നേരം തന്റെ പ്രിയപ്പെട്ട ക്യാമറ നഷ്ടപ്പെട്ടതോര്‍ത്ത് കരഞ്ഞു. അതിനി ഒരിക്കലും തിരികെ കിട്ടാന്‍ പോകുന്നില്ലായെന്ന് അവള് ഉറപ്പിച്ചു. എന്തെന്നാല്‍ അത്രയും ആഴവും ശക്തമായ ഒഴുക്കും നദിയില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിനം ഗ്രെയിനര്‍ എന്നൊരു മത്സ്യത്തൊഴിലാളി നദിയില്‍ എന്തോ ഒരു വസ്തു കിടക്കുന്നതായി കണ്ടെത്തിയിരുന്നു. കണ്ടപ്പോള്‍ അതെന്താണെന്ന് അയാള്‍ക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. ആദ്യം അത് വലിച്ചെറിയാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അതെന്താണെന്ന് നോക്കാന്‍ അയാള്‍ തീരുമാനിച്ചു. പിന്നീട് മെമ്മറി കാര്‍ഡ് എടുത്തുനോക്കി. എന്നാല്‍ ക്യാമറയ്ക്ക് അകത്തെല്ലാം വെള്ളമായിരുന്നു. അതുകൊണ്ട് തന്നെ അത് പ്രവര്‍ത്തിക്കുമെന്ന യാതൊരു പ്രതീക്ഷയും അയാള്‍ക്കില്ലായിരുന്നു.
അയാളത് കംപ്യൂട്ടറില്‍ ഇട്ട് പകര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, അത്ഭുതം എന്ന് പറയട്ടെ അന്ന് കോറല്‍ പകര്‍ത്തിയ ബാച്ചിലര്‍ പാര്‍ട്ടിയുടെയും സുഹൃത്തുക്കളുടെയും വിവാഹാഘോഷങ്ങളുടെയുമെല്ലാം ചിത്രങ്ങളും അതിലുണ്ടായിരുന്നു.. അയാള്‍ ഉടനെ തന്നെ അതിലെ ചിത്രങ്ങളില്‍ ചിലത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ ചിത്രത്തില്‍ നിങ്ങളാരെങ്കിലും ഉണ്ടോ എന്നായിരുന്നു അന്വേഷണം. ഒരു മണിക്കൂര്‍ പോലും എടുത്തില്ല. അന്ന് വിവാഹിതയായ കോറലിന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവ് ആ ചിത്രം തിരിച്ചറിഞ്ഞു. ഇത് ഞാനും എന്റെ ഭാര്യയും ആണ് എന്നായിരുന്നു കമന്റ്.
പിന്നീട് അവര്‍ കോറലിനെയും വിവരം അറിയിച്ചു. ഈ സമയത്ത് ഒരു കോണ്‍ഫറന്‍സിലായിരുന്നു അവള്. അവള് ഗ്രെയിനറിനെ ബന്ധപ്പെടുകയും അധികം വൈകാതെ തന്നെ ഗ്രെയിനര്‍ ആ ചിത്രങ്ങളെല്ലാം അവള്‍ക്ക് മെയില്‍ വഴി അയച്ചു കൊടുക്കുകയും ചെയ്തു.






