
സ്വിറ്റ്സര്‍ലന്‍ഡിലെ മോണ്‍ട്രിയക്സില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 ന് കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. എട്ടുവയസ്സുള്ള പെണ്‍കുട്ടി, 15 വയസ്സുള്ള ആണ്‍കുട്ടി, അവരുടെ അച്ഛനും അമ്മയും, അമ്മയുടെ ഇരട്ട സഹോദരിയും അവരുടെ ഏഴാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറിയ ഈ കുടുംബം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതിന് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കുടുംബത്തിന്റെ മരണം സംബന്ധിച്ച് പല ദുരൂഹതകളും ഉടലെടുത്തു. തുടര്‍ന്ന് സ്വിറ്റസര്‍ലന്റ് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന് ഒടുവില്‍ അന്ത്യമാവുകയാണ് ഇപ്പോള്‍. കുടുംബത്തിലെ നാല് പേരുടെ മരണവും ആ കുടുംബത്തിലെ തന്നെ മുതിര്‍ന്നവര്‍ ആസൂത്രണം ചെയ്തതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പുറത്ത് നിന്നുള്ള ഇടപെടലുകളൊന്നും മരണത്തില്‍ ആദ്യമുതലേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുടുംബത്തിലെ മറ്റുള്ളവര്‍ മരിച്ചപ്പോള്‍ ഒരു കുട്ടി കോമയിലായിരുന്നു. ഈ കുട്ടി സുഖം പ്രാപിച്ചെങ്കിലും ആ ദിവസത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കുട്ടിക്ക് നഷ്ടപ്പെട്ടിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
മരണത്തിന് മുമ്പ് പിടിവലി നടന്നതായുള്ള ഒരു സൂചനയും ഫോറന്‍സിക് തെളിവുകളില്‍ നിന്ന് ലഭിച്ചിരുന്നില്ല. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണമായേക്കാവുന്ന മരുന്നുകളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നുമില്ല. ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ദുരൂഹമായിരുന്ന ആ മരണങ്ങളുടെ കാരണം പോലീസ് കണ്ടെത്തി. കുടുംബം ചില ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. പ്രത്യേകിച്ചും ലോകം തങ്ങള്‍ക്കെതിരാണെന്നതായിരുന്നു ആ കുടുംബം വിശ്വസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
പോലീസ് മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അവരുടെ വീട് നിറയെ മരുന്നുകളും, ഭക്ഷണവും, ശുചിത്വ സാമഗ്രികളും ശ്രദ്ധാപൂര്‍വ്വം അടുക്കി വച്ചതായി കണ്ടെത്തി. കുടുംബാംഗങ്ങള്‍ അപൂര്‍വ്വമായി മാത്രമാണ് പുറത്ത് പോയിരുന്നത്. കുട്ടികള്‍ വീട്ടിലിരുന്നാണ് പഠിച്ചതും. ലോകം തങ്ങളോട് ശത്രുതാപരമായാണ് പെരുമാറുന്നതെന്നായിരുന്നു കുടുംബത്തിന്റെ വിശ്വാസം. അവര്‍ സര്‍ക്കാരിനെയും പ്രദേശിക ഭരണാധികാരികളെയും സംശയത്തോടെയാണ് കണ്ടിരുന്നത്. കുട്ടികളെയും അവര്‍ ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വളര്‍ത്തിയത്. കൊവിഡ് 19 ന്റെ വ്യാപനവും യുക്രൈന് യുദ്ധവും അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചതായും പോലീസ് പറയുന്നു.
കൂട്ട ആത്മഹത്യ കുടുംബം ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്തതാണെന്ന് അപ്പാര്‍ട്ട്മെന്റിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായതായി പോലീസ് ബിബിസി യോട് പറഞ്ഞു. പല കത്തുകള്‍ക്കും അച്ഛനോ അമ്മയോ മറുപടി പറയാത്തതിനാല്‍ കുട്ടിയുടെ പഠനത്തെ കുറിച്ച് അന്വേഷിക്കാനും പ്രാദേശിക വിദ്യാഭ്യാസ അധികാരികളുമായി ഒരു മീറ്റിംഗിന് ക്ഷണിക്കാനുമായി മോണ്‍ട്രിയക്സ് പോലീസ് ഒരു ദിവസം അവരുടെ വീട് സന്ദര്‍ശിച്ചു. എന്നാല്‍ പോലീസിനെ വീട്ടിലേക്ക് കടക്കാന്‍ ഇവര്‍ അനുവദിച്ചില്ല. അന്ന് തന്നെ കുടുംബത്തിലെ എല്ലാവരും മരണം തെരഞ്ഞെടുക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.






