
കൊച്ചി: കേരള സര്വലകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും വി.സി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ ശിപാര്‍ശ നല്‍കാത്തതിനാലാണ് ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. ഇത് ചോദ്യം െചയ്താണ് സെനറ്റ് അംഗങ്ങള്‍ കോടതിയെ സമീപിച്ചത്.
ഗവര്‍ണറുടെ പ്രതിനിധിയായി നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിക്കുന്നതിനൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെയും പിന്‍വലിച്ചിരുന്നു. ഇത് ഗവര്‍ണറുടെ അധികാരത്തിന് അപ്പുറമാണെന്ന് കണ്ടെത്തിയാണ് ജസ്റ്റീസ് സതീശ് നൈനാന്റെ ഉത്തരവ്. സെനറ്റ് അംഗങ്ങളെ ഏകപക്ഷീയമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരള സര്‍വകലാശാലയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് പോരാടിയതെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും പരാതിക്കാരായ ബാലചന്ദ്രനും ജി.മുരളീധരനും പ്രതികരിച്ചു. സെനറ്റ് അംഗങ്ങളെന്ന നിലയില്‍ സര്‍വകലാശാലയുടെ നിയമത്തിനുള്ളില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഗവര്‍ണര്‍ മുന്‍വിധിയോടെയാണ് പ്രവര്‍ത്തിച്ചതെന്നും പരാതിക്കാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സെനറ്റ് അംഗങ്ങളെ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിന്‍വലിച്ചത്. ചാന്‍സലര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടാല്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാമെന്ന വ്യവസ്ഥ വച്ചായിരുന്നു ഇത്.






