
ന്യുഡല്‍ഹി: ഒളിവില്‍ കഴിയുന്ന ഖാലിസ്താന്‍ വിഘടനവാദ സംഘടനയായ 'വാരിസ് പഞ്ചാബ് ദേ'യുടെ നേതാവ് അമൃത്പാല്‍ സിംഗിനായി ഡല്‍ഹിയിലും പോലീസിന്റെ തിരച്ചില്‍. ഡല്‍ഹി, പഞ്ചാബ് പോലീസുകാള് സംയുക്തമായാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. പഞ്ചാബില്‍ നിന്നും അമൃത്പാല്‍ സിംഗ് ഹരിയാനയിലേക്ക് കടന്നുവെന്ന് ഇന്നലെ പോലീസിന് വിവരം ലഭിച്ചിരുന്നു. അവിടെ നിന്ന് ഡല്‍ഹിയിലേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന.
അമൃത്പാലിനെ വേഷപ്രച്ഛന്നനായി ഡല്‍ഹി ഐഎസ്ബിടി ബസ് ടെര്‍മിനലില്‍ കണ്ടതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പരിശോധന. സന്യാസിയുടെ വേഷത്തിലായിരിക്കാം ഇയാള്‍ വന്നതെന്നും കൂടെ പാപല്‍പ്രീത് സിംഗ് എന്ന സഹചാരി ഉണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് പറയുന്നു.
ബസ് ഉപയോഗിക്കാതെ മറ്റേതെങ്കിലും വാഹനം വഴി അമൃത്പാല്‍ സിംഗ് ഡല്‍ഹിയില്‍ എത്തിയിരിക്കാമെന്നാണ് പോലീസ് പറയുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ധം സിംഗ് നഗര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, അമൃത്പാലിനായുള്ള നീക്കത്തിനിടെ ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച 44 പേരെ കൂടി വെള്ളിയാഴ്ച കരുതല്‍ തടവിലാക്കിയെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. ഇതുവരെ 207 പേരാണ് അറസ്റ്റിലായത്.






