
കഴിഞ്ഞ ആറ് പതിറ്റാണ്ടായി കൃത്യമായ ഇടവേളകളില്‍ രക്തദാനത്തെ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്ന ഒരു സ്ത്രീയുണ്ട് ആല്‍ബട്ടയില്‍. ഇവരെ തേടി ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പുരസ്കാരം എത്തിയിരിക്കുകയാണ്. 80 കാരിയായ ആല്‍ബര്‍ട്ട് സ്വദേശി ജോസഫിന് മിച്ചാലുക്ക് ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
1965 -ല്‍ തന്റെ 22 -ാം വയസ്സിലാണ് മിച്ചാലുക്ക് ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് അത് തന്നെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഇവര്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി മുടക്കം ഇല്ലാതെ അത് തുടരുകയാണ്. ഇതുവരെ 203 യൂണിറ്റ് രക്തമാണ് ഇവര്‍ ദാനം ചെയ്തത്. സഹോദരിയാണ് ആദ്യമായി രക്തദാനത്തെക്കുറിച്ച് മിച്ചാലുക്കിനോട് പറയുന്നത്. സഹോദരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ മിച്ചാലുക്ക് രക്തദാനം നടത്തിയത്. ആദ്യം രക്തം ദാനം ചെയ്യുമ്പോള്‍ ചെറിയ ഒരു ഭയം ഉണ്ടായിരുന്നുവെന്നും പിന്നീട് താന്‍ ചെയ്യുന്ന പ്രവൃത്തിയുടെ മഹത്വം മനസ്സിലായപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു എന്നും മിച്ചാലുക്ക് കൂട്ടിച്ചേര്‍ത്തു. രക്തം ദാനം ചെയ്യുന്നതിലൂടെ തനിക്ക് ശാരീരികമായി ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
കൂടുതല്‍ ആളുകള്‍ ഈ മഹത്വകരമായ പ്രവൃത്തി തിരിച്ചറിഞ്ഞ് ഇതിലേക്ക് തിരിയണമെന്നാണ് ഇവരുടെ ആഗ്രഹം. O- ആണ് മിച്ചാലുക്കിന്റെ രക്ത ഗ്രൂപ്പ്. ഒരുപാട് പേര്‍ക്ക് തന്റെ രക്തം കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നുമാണ് മിച്ചാലുക്ക് പറയുന്നത്.






