ന്യുഡല്‍ഹി: മാനനഷ്ടക്കേസില്‍ മാപ്പ് പറയാന്‍ 'എന്റെ പേര് സവര്‍ക്കര്‍ എന്നല്ല' എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. 'ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തില്‍ പിളര്‍പ്പിന് മടിക്കില്ലെന്ന് ഉദ്ധവ് മുന്നറിയിപ്പ് നല്കി.
നമ്മുക്ക് ഒരുമിച്ച് നീങ്ങാമെന്നാണ് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളത്. അതാണ് ശരി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ നമ്മുക്ക് ഒരുമിച്ച് നീങ്ങാം. പിളര്‍പ്പുണ്ടാക്കുന്ന ഒരു പരാമര്‍ശവും നടത്താന്‍ പാടില്ല. അവര്‍ (ബിജെപി) നമ്മെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറിയില്ലെങ്കില്‍ രാജ്യം സേച്ഛാധിപത്യത്തിലേക്ക് ഉറപ്പായും വഴിപ്പെടുമെന്നും താക്കറെ പറഞ്ഞു.
സവര്‍ക്കര്‍ തങ്ങള്‍ക്ക് വീരപുരുഷനാണ്. അദ്ദേഹത്തെ അപമാനിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കണം. 14 വര്‍ഷത്തോളം ആന്‍ഡമാനിലെ ജയിലില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിച്ചയാളാണ് അദ്ദേഹം. നമ്മുക്ക് അത് വായിച്ചു മനസ്സിലാക്കാന്‍ മാത്രമേ കഴിയൂ. അത് ത്യാഗത്തിന്റെ രൂപമാണ്. സവര്‍ക്കാരെ അധിക്ഷേപിക്കുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നും താക്കറെ പറഞ്ഞു.
2019ല്‍ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന പക്ഷും കോണ്‍ഗ്രസും എന്‍സിപിയും അടക്കമുള്ള കക്ഷികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്. എന്നാല്‍ താക്കറെയെ അട്ടിമറിച്ച ശിവസേനയെ പിളര്‍ത്ത് ഏക്നാഥ് ഷിന്‍ഡെ ബിജെപി പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ഉടനീളം സവര്‍ക്കറെ കടന്നാ്രകമിച്ചത് കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ ഭിന്നത ഉളവാക്കിയിരുന്നു. എന്നാല്‍ താക്കറെ പക്ഷത്തെ മുതിര്‍ന്ന നേതാവായ സഞ്ജയ് റാവത്ത് യാത്രയില്‍ പങ്കെടുത്തതോടെയാണ് മഞ്ഞുരുകിയത്.






