
ബുദ്ധമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കന്‍ മംഗോളിയന്‍ വംശജനായ എട്ട് വയസുകാരനായ കുട്ടിയെ ദലൈലാമ തെരഞ്ഞെടുത്തു. പുതിയ ലാമയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുന്‍ മംഗോളിയന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ചെറുമകനുമാണ്.
ഈ ബാലന് പത്താമത്തെ ഖല്ഖ ജെറ്റ്സണ്‍ ദമ്പ റിന്‍പോച്ചെയുടെ പുനര്ജന്മം ആണെന്നു കരുതപ്പെടുന്നു. ഈ പുതിയ ലാമ പഞ്ചന്‍ ലാമയ്ക്ക് ശേഷം ടിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ മൂന്നാമത്തെ ഉയര്‍ന്ന മതനേതാവാകും.
പുതിയ ലാമയായി തെരഞ്ഞെടുത്തിരിക്കുന്ന ബാലന് മംഗോളിയയിലെ ഉലാന്‍ ബാറ്റോറിലെ സമ്പന്ന ബിസിനസ്, രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്. തിരഞ്ഞെടുത്ത പുതിയ ലാമ, അഗ്വിഡൗ, അചില്‍തായ് അത്തന്മാര് എന്നീ ഇരട്ട സഹോദരന്മാരില് ഒരാളാണ്. ചൈന കുട്ടിയെ ലക്ഷ്യമിടുമെന്ന ഭയം കാരണം പുതിയ മംഗോളിയന്‍ ടിബറ്റന്‍ നേതാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ തയ്യാറല്ല. അതുകൊണ്ടു തന്നെയും ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഗണ്ഡന്‍ മതപാഠശാലയില്‍ നടന്ന ചടങ്ങില്‍ ഫെബ്രുവരി അവസാനത്തോടെയാണ് പുതിയ ലാമയെ തെരഞ്ഞെടുത്തതെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോഴാണ്.
ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തെരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ ചൈന അംഗീകരിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ പുതിയ ലാമയായി കുട്ടിയെ അഭിഷേകം ചെയ്യിയ്ക്കാനുള്ള നീക്കം ചൈന അംഗീകരിയ്ക്കില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ടിബറ്റന്‍ ബുദ്ധ മതാനുയായികളുടെ നാല് മതപാഠശാലകളിലെ ഉന്നത ലാമകളുടെ ഔദ്യോഗിക പുനര്ജന്മ പ്രഖ്യാപനാധികാരം ടിബറ്റന്‍ നയത്തിന്റെ ഭാഗമായി റദ്ദാക്കിയിരുന്നു.






