
യുകെയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 9 വയസ്സുകാരന് മണ്ണിനടിയില്‍ നിന്നും രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ഗ്രനേഡ് കിട്ടി. പൂന്തോട്ടത്തിലെ മണ്ണ് വാരി കളിക്കുന്നതിനിടയിലാണ് കുട്ടിയ്ക്ക് ഗ്രനേഡ് കണ്ടെത്തിയത്. ഉടന്‍തന്നെ ബാലന് അമ്മയെ വിവരം അറിയിയ്ക്കുകയായിരുന്നു. യുകെയിലെ ഈസ്റ്റ് ഡെവണ്‍ സ്വദേശിയായ ജോര്‍ജ്ജ് പെനിസ്റ്റണ് എന്ന ബാലനാണ് ഗ്രനേഡ് കണ്ടെത്തിയത്.
ജോര്‍ജ്ജ് പെനിസ്റ്റണ് വീട്ടുമുറ്റത്ത് കളിക്കാന്‍ ഇറങ്ങിയതായിരുന്നു. ആ സമയത്ത് മുറ്റത്തോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ മണ്ണ് വാരി കളിക്കുന്നതിനിടെ മണ്ണിനടിയില്‍ നിന്ന് ഗ്രനേഡ് കണ്ടെത്തിയത്. പക്ഷേ എന്താണ് സാധനം എന്ന് തിരിച്ചറിയാന്‍ കുട്ടിയ്ക്ക് കഴിഞ്ഞില്ല. കിട്ടിയ ഉടന്‍ തന്നെ കുട്ടി അമ്മ സെലിന് പെനിസ്റ്റണെ വിവരം അറിയിച്ചു. സെലിന് പൂന്തോട്ടത്തില്‍ എത്തി നോക്കിയപ്പോഴാണ് ഗ്രനേഡ് കിടക്കുന്നത് കണ്ടത്.
ഇത് കണ്ടപ്പോള്‍ ഇരുവരും ഭയന്നു പോയി. അപ്പോള്‍ തന്നെ സെലിന് പൊലീസില്‍ വിവരമറിയിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് സെലിന്റെ വീട്ടിലെത്തി. പോലീസെത്തി പരിശോധന നടത്തിയപ്പോള്‍ ജോര്‍ജ് കണ്ടെത്തിയത് ഗ്രനേഡ് ആണെന്ന് സ്ഥിരീകരിച്ചു. ഉടന്‍തന്നെ വിദഗ്ധസേനയുടെ സഹായത്തോടെ ഗ്രനേഡ് അവരുടെ വീട്ടുപറമ്പില്‍ നിന്നും നീക്കം ചെയ്ത് മറ്റൊരു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി പൊട്ടിച്ചു. സെലിന്റെ വീട്ടില്‍ കണ്ടെത്തിയ ഗ്രനേഡ് രണ്ടാം ലോകമഹായുദ്ധകാലത്ത് ഉള്ളതാണെന്ന് പിന്നീട് പൊലീസ് അറിയിച്ചു.






