
പത്തനംതിട്ട: നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാകാന്‍ കാരണം അമിതവേഗതയെന്ന് സംശയം. അമിത വേഗത്തില്‍ വന്ന ബസ് വളവില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തല്‍. സാങ്കേതിക പ്രശന്ങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ പരുക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20ന് ഇലവുങ്കല്‍ നിന്ന് കണമല പോകുന്ന വഴി നാറാണന്‍ തോടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ മയിലാട്തുറയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് വാഹനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 പേര് നിലയ്ക്കലിലെ ആശുപത്രികളിലും ചികിത്സയിലാണ്. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവറാണ് ഇതെന്നാണ് സംശയം.
അപകട വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് സ്ഥലത്തെത്തിയിരുന്നു. വാഹനത്തിന്റെ പെര്‍മിറ്റ് ഇന്‍ഷുറന്‍സ് ഫിറ്റ്നസ് എല്ലാം കൃത്യമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.






