മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന തടങ്കല്‍ പാളയത്തില്‍ തീപിടുത്തം. 40 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 29 പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് നാഷണല്‍ ഇമിഗ്രേഷന്‍ ഇന്‍സിറ്റിറ്റിയൂട്ട് വ്യക്തമാക്കി. 68 പുരുഷന്മാരാണ് ഈ സമയം തറവറയിലുണ്ടായിരുന്നത്.
നാടുകടത്താനുള്ള അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരുന്ന തടവറയിലാണ് തീപിടുത്തമുണ്ടായത്. അഭയര്‍ത്ഥികള്‍ തന്നെയാണ് കിടക്കയ്ക്ക് തീയിട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. നാടുകടത്താന്‍ തീരുമാനിച്ച വാര്‍ത്ത അറിഞ്ഞതോടെ അഭ്യാര്‍ത്ഥികള്‍ സംഘര്‍ഷമുണ്ടാക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോസ് ഒബ്രഡോര്‍ പറഞ്ഞു.
മെക്സിക്കോയുടെ ചരിത്രത്തില്‍ അഭയാര്‍ത്ഥി ക്യാംപിലുണ്ടാകുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്. തിങ്കളാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിലെ എല്‍ പാസോയുമായി അതിര്‍ത്തി പങ്കിടുന്ന സ്യുദാദ് ജൗറെസിലാണ് സംഭവം. അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനുപയോഗിക്കുന്ന പ്രധാന പാതയാണിത്.
ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, വെനസ്വേല, കൊളംബിയ, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് ക്യാംപിലുണ്ടായിരുന്നവര്‍. ഇവരില്‍ ഏറെയും ഗ്വാട്ടിമാല സ്വദേശികളാണ്.






