
ഇന്ത്യയ്ക്ക് അഭിമാനമായിരിക്കുകയാണ് ഓസ്കാറില്‍ മികച്ച ഒറിജനല്‍ സോങ് വിഭാഗത്തില്‍ '' നാട്ടു നാട്ടു'' എന്ന ഗാനത്തിന്റെ നേട്ടം. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ ഓസ്കാര്‍ പ്രചരണത്തിനായി സിനിമാപ്രവര്‍ത്തകര്‍ 80 കോടിയിലധികം രൂപ ചിലവഴിച്ചുവെന്നാണ്. പണമിറക്കി ഓസ്കര് നേടിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചിലരുടെ വിമര്‍ശനം.
ഇതിനോട് പ്രതികരിക്കുകയാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യുസറും സംവിധായകന് രാജമൗലിയുടെ മകനുമായ എസ് എസ് കാര്‍ത്തികേയ. ഓസ്കാര്‍ ചടങ്ങിലേക്ക സൗജന്യ പ്രവേശനം ലഭിച്ചത് ഓസ്കര് ജേതാക്കളായ സംഗീതസംവിധായകന് കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനുമായിരുന്നു. സംവിധായകനും അഭിനേതാക്കളും ഉള്‍പ്പെടെ ബാക്കി പങ്കെടുത്തവരെല്ലാം ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ടിക്കറ്റെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
'അഞ്ചു കോടി രൂപക്കുള്ളില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതായിരുന്നു പ്ലാന്‍, പക്ഷേ പ്രചാരണത്തിനായി 8.5 കോടി ചെലവഴിക്കേണ്ടി വന്നു. ആര്‍ആര്‍ആറിനായി യുഎസ്എയിലെ രണ്ട് നഗരങ്ങളില്‍ പ്രത്യേക സ്ക്രീനിങ്ങായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് ന്യൂയോര്‍ക്കില്‍ കൂടുതല്‍ ഷോകള്‍ ആവശ്യമാണെന്ന് കരുതി,അതും സംഘടിപ്പിക്കേണ്ടി വന്നു.
'സാധാരണയായി വോട്ടര്‍മാരെ ക്ഷണിക്കുന്ന ഇത്തരം സ്ക്രീനിങ്ങുകള്‍ക്കായി വലിയൊരു തുകയാണ് ചെലവഴിക്കുന്നത്. എല്ലാ ആര്‍ആര്‍ആര്‍ പ്രദര്‍ശനങ്ങളും ഹൗസ്ഫുള് ഷോകളായിരുന്നുവെന്നും അത്തരമൊരു സംഭവം ആദ്യമാണെന്നുമാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം, ഇത് കാര്‍ത്തികേയ ഗലാട്ട പ്ലസ്സിന് നല്കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
പണം കൊടുത്ത് ഓസ്കാര്‍ വാങ്ങിയെന്ന ആരോപണത്തിനും കാര്‍ത്തികേയ മറുപടി നല്കി. 'ഓസ്കര് പണം കൊടുത്തുവാങ്ങുക എന്നൊക്കെ പറയുന്നത് തന്നെ തമാശയല്ലേ... 95 വര്‍ഷം പഴക്കമുണ്ട് ഓസ്കറിന്. അതിന് അതിന്റെതായ നിയമവും നടപടിക്രമങ്ങളുമുണ്ട്. ഓസ്കര് പണം കൊടുത്ത് വാങ്ങാന്‍ കഴിയില്ല, ആളുകളുടെ സ്നേഹവും വാങ്ങാന്‍ കഴിയില്ല.






