
ന്യുഡല്‍ഹി: ഖാലിസ്താന്‍ വിഘടനവാദി നേതാവായ അമൃത്പാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്ന് സൂചന. ഇതിനായി അമൃത്പാല്‍ പഞ്ചാബില്‍ തിരിച്ചെത്തിയതായും സൂചനയുണ്ട്. അറസ്റ്റു ചെയ്താലും തന്നെ പഞ്ചാബിലെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന വ്യവസ്ഥയാണ് അമൃത്പാല്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനിടെ, അമൃത്പാലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഡല്‍ഹിയിലെ ഒരു വിദ്യാര്‍ത്ഥിനിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. അമൃത്പാല്‍ ഡല്‍ഹിയിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
ഹൊഷിയാര്‍പുരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ അമൃത്പാല്‍ സിംഗ് എത്തിയതാണെന്ന സംശയവും പോലീസിനുണ്ട്. പഞ്ചാബ് പോലീസ് ഹൊഷിയാര്‍പുരില്‍ പരിശോധന നടത്തുകയാണ്.
എന്നാല്‍ അമൃത്പാല്‍ സിംഗ് കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അമൃത്സര്‍ പോലീസ് കമ്മീഷണര്‍ നൗനിഹാര് സിംഗ് പറയുന്നത്. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ അമൃത്പാല്‍ സിംഗ് എത്തിയെന്ന വിവരം ലഭിച്ചിട്ടില്ലെന്നു ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി വക്താവ് പറയുന്നു. സുവര്‍ണ ക്ഷ്വേത്രത്തിന് സമീപം വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുമുണ്ട്. ഇവിടെ പോലീസിന്റെ ഫ്ളാഗ് മാര്‍ച്ചും നടന്നു.






