
കൊച്ചി: സംസ്ഥാനത്ത് ഇനി കുഴല്‍കിണര്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ ലൈസന്‍സ് വേണം. അന്യസംസ്ഥാനലോബി ഇരുട്ടിന്റെ മറവില്‍ കുഴല്‍ക്കിണര്‍ സ്ഥാപിച്ച് പോകുന്നത് തടയുന്നതിനുവേണ്ടിയാണ് ലൈസന്‍സ് സമ്പ്രദായത്തിലേക്കു നീങ്ങിയത്. പുതിയ ലൈസന്‍സ് എടുക്കാന്‍ 60,000 രൂപയാണ് ഫീസ്. നിലവില്‍ സംസ്ഥാനത്ത് 221 പേര്‍ക്കാണ് കുഴല്‍ക്കിണര്‍ സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ലൈസന്‍സ് ഉള്ളത്.
ഒരാള്‍ക്ക് മൂന്ന് കുഴല്‍ക്കിണര്‍ സ്ഥാപിക്കാനുള്ള റിഗുകള്‍ കൈവശം വയ്ക്കാനുമാണ് അനുമതിയുള്ളത്. ഇതുവരെ 30000 കുഴല്‍കിണറുകള്‍ നിര്‍മിച്ചിട്ടുള്ളത്. 2015 ലാണു സര്‍ക്കാര്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനു നിയന്ത്രണമേര്‍പ്പെടുത്തി ലൈസന്‍സിങ് സമ്പ്രദായം കൊണ്ടുവന്നത്. പിന്നീട് പരാതികള്‍ ഉയര്‍ന്നപ്പോള്‍ 2018ല്‍ ലൈസന്‍സിങ് സമ്പ്രദായരീതി നിര്‍ത്തലാക്കുകയായിരുന്നു. അതാണിപ്പോള്‍ പരിഷ്കരിച്ചത്.
ഭൂജലവകുപ്പില്നിന്നു നാളെ മുതല്‍ ലൈസന്‍സ് ലഭ്യമാക്കുന്ന നടപടി ആരംഭിക്കും. ലൈസന്‍സ് ഇല്ലാത്തവര്‍ ഏപ്രില്‍ 29 നു ശേഷം കുഴല്‍കിണര്‍ നിര്മാണത്തിലേര്പ്പെട്ടാല് നടപടി നേരിടേണ്ടിവരും. അനധികൃത നിര്‍മാണം കണ്ടാല്‍ തടയുമെന്ന് ഓള് കേരള ഡ്രില്ലിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.






