
നെടുമങ്ങാട്: വനിത ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പനവൂര്‍ കല്ലിയോട് ദര്‍ഭ വിളകത്തുവീട്ടില് അനില്‍ കൃഷ്ണ (23) ആണ് പിടിയിലായത്.
ഹോസ്റ്റല്‍ ബില്‍ഡിംഗിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ കഞ്ചാവ് പൊതികള്‍ കൊണ്ടുവച്ച ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് വിവരം നല്‍കും. ആവശ്യക്കാര്‍ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെവെക്കും. രാത്രിയില്‍ ഇയാള്‍ ഇവിടെ വന്ന് പണം എടുത്തുകൊണ്ടുപോകുകയാണ് പതിവ്.
ഇതേ സംഭവത്തില്‍ ഇയാള്‍ക്കെതിരെ മുന്‍പും പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ വീണ്ടും ഇതേ രീതിയില്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്ന ഇയാളെ ജീവനക്കാര്‍ തടഞ്ഞുവെച്ചു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി അനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഞ്ചാവ് ലഹരിയെ തുടര്‍ന്ന് ഇയാള്‍ മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇത് തടഞ്ഞ അമ്മയെ തലക്കടിച്ചു പരുക്കേല്‍പ്പിച്ചു. ഇതുള്‍പ്പെടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ആറ് കേസുകളാണ് നിലവില്‍ ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.






