
അകാല നര പല യുവതി യുവാക്കളും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് . ഇത്തരത്തില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ മുടി നരച്ച ഒരു കുട്ടിയുടെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെര്‍ബിയയില്‍ നിന്നുള്ള എവ്ജീനിയ ഡെനിസോവ എന്ന പെണ്‍കുട്ടി തന്റെ പത്താം വയസ്സു മുതല്‍ കടന്നുപോയത് വലിയ മാനസികസംഘര്‍ഷങ്ങളിലൂടെയാണ്.
എവ്ജീനിയ തന്റെ മുടി നരച്ചത് ആദ്യമായി കണ്ടത് അവള്‍ക്ക് പത്തു വയസ്സുള്ളപ്പോഴാണ്. ഒന്നോ രണ്ടോ മുടി ആയിരുന്നില്ല അവളുടെ തലയിലെ മുടി പൂര്‍ണമായിത്തന്നെ നരച്ച് വെള്ള കളറിലേക്ക് മാറിയിരുന്നതിനാല്‍ എവ്ജീനിയയെ കൂട്ടുകാര്‍ മുത്തശ്ശി എന്ന് കളിയാക്കി വിളിച്ചു തുടങ്ങി. ഈ വിളിപ്പേര് വലിയ മാനസിക സംഘര്‍ഷമാണ് അവളിലുണ്ടാക്കിയത്. ആദ്യമൊക്കെ അവള് കൂട്ടുകാരുടെ കളിയാക്കല്‍ ഭയന്ന് സ്കൂളില്‍ പോകാന്‍ മടിച്ചു. എന്നാല്‍ പിന്നെ വെള്ള മുടികളെ ഡൈ ചെയ്ത് കറുപ്പിക്കാന്‍ തുടങ്ങി. അങ്ങനെ വര്‍ഷങ്ങളോളം അപമാനിതയാക്കിയ മുടിയെ അവള് കറുത്ത ചായത്തില്‍ പൊതിഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അവള് താന്‍ ഇങ്ങനെയാണെന്ന സത്യത്തെ അംഗീകരിച്ചു. അതിനാല്‍തന്നെ പിന്നീടവള്‍ക്ക് പരിഹസിച്ചവര്ക്ക് നേരെ തല ഉയര്‍ത്തി നില്ക്കാന് സാധിച്ചു. ഇപ്പോള്‍ എവ്ജീനിയയ്ക്ക് 38 വയസ്സുണ്ട്. അവള് ഇന്ന് തന്റെ ശരീരത്തില്‍ ഏറെ ഇഷ്ടപ്പെടുന്നത് വെളുത്ത മുടികളെയാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യകുഞ്ഞു പിറന്നപ്പോള്‍ അവള് ഇനിയും പരിഹാസങ്ങളെ പേടിച്ച് ജീവിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
മറ്റു വ്യക്തികളെ ബോഡി ഷേമിങ്ങിലൂടെ അപമാനിക്കുന്നവരോട് തനിക്ക് പുച്ഛവും സഹതാപവും മാത്രമാണ് ഉള്ളതെന്ന് ഇവര്‍ പറയുന്നു.






