
ബെംഗളൂരു നഗരത്തില്‍ നാരങ്ങാവെളളം വില്‍പ്പന നടത്തിയ കുട്ടികള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ താരങ്ങളാണ്. ബെംഗളൂരു ഇന്ദിരാനഗര്‍ റെസിഡന്‍ഷ്യല്‍ ഗേറ്റിന് പുറത്ത് നാരങ്ങാ വെള്ളം വിറ്റ് സമ്പാദ്യശീലം വളര്‍ത്തുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ആയുഷി കുച്റൂ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് പങ്കുവച്ചത്.
ഒരു ചെറിയ മേശയും പണം സൂക്ഷിക്കാന്‍ ചെറിയൊരു പെട്ടിയും, മേശപ്പുറത്ത് മൂന്നാല് കുപ്പി നാരങ്ങവെള്ളവുമാണ് ആകെയുള്ളത്. കട നടത്തുന്നത് മൂന്ന് കുട്ടികളാണ്. പേപ്പറില്‍ നാരങ്ങ വെള്ളത്തിന് 10 രൂപയെന്ന് എഴുതി വച്ചിട്ടുണ്ട്. കൈ കൊണ്ട് എഴുതിയ ഒരു പേപ്പറില്‍ ഓരോ പര്‍ച്ചേസിനും 5 രൂപ കിഴിവും എന്നാല്‍ ഐസിന് അധിക ചാര്‍ജ്ജ് ആയി 5 രൂപയും ആവശ്യപ്പെടുന്നു.
ആയുഷി ചിത്രത്തോടൊപ്പം 'ബോറടിച്ചതിനാല്‍ ഇന്ദിരാനഗറിലെ തെരുവില്‍ നാരങ്ങാവെള്ളം വില്‍ക്കുന്ന ഇവരാണ് എന്റെ ഈ ദിവസത്തിന്റെ ഹൈലൈറ്റ്. വ്യാപാരം എന്ന കല പഠിക്കാന്‍ ഏറ്റവും നല്ല പ്രായമാണിത്. വളരെ ഏറെ ഇഷ്ടപ്പെട്ടു' എന്നാണ് കുറിച്ചത്.
ചിത്രങ്ങള്‍ ട്വിറ്ററില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. കുട്ടികളുടെ സമ്പാദ്യ ശീലത്തെ കുറിച്ചാണ് നിരവധി പേരും അഭിപ്രായം രേഖപ്പെടുത്തിയത്. കുട്ടികള്‍ വളരെ പ്രഫഷണലാണെന്നും അവര്‍ക്ക് വ്യാപാരതന്ത്രങ്ങള്‍ ഇതിനകം അറിയാമെന്നും ചിലരെഴുതി.






