
നാഗാലാന്‍ഡ് മന്ത്രി ടെംജന്‍ ഇംനയുടെ രസകരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇദ്ദേഹം അധികവും യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും അടിക്കുറിപ്പുകളുമെല്ലാം പോസ്റ്റു ചെയ്യാറുളളത്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ ഇദ്ദേഹത്തിന്റെ പുതിയൊരു ഫോട്ടോയാണ് വൈറലാകുന്നത്. ഈ ഫോട്ടോയില്‍ ഒരു സംഘം പെണ്‍കുട്ടികള്‍ക്ക് അരികിലായി ടെംജന്‍ ഇംന ഇരിക്കുന്നത് കാണാം. ഇദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മുഴുവന്‍ ശ്രദ്ധയും ഭക്ഷണത്തിലേക്കാണ്. അതിനാല്‍ തന്നെ ഈ സാഹചര്യത്തിന് അനുയോജ്യമായൊരു അടിക്കുറിപ്പാണ് ടെംജന്‍ ഇംന ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. സത്യത്തില്‍ ഈ അടിക്കുറിപ്പാണ് ഫോട്ടോ വൈറലാകുന്നതിന് കാരണമായതെന്ന് പറയാം.
'ഏയ് പെണ്‍കുട്ടികളെ, സത്യമായിട്ടും ഞാന്‍ നിങ്ങളെ അവഗണിക്കുന്നതല്ല. ഞാന്‍ എന്റെ ഭക്ഷണം നോക്കിയിരുന്ന് പോയതാണ്.'- ഇതായിരുന്നു ടെംജന്‍ ഇംനയുടെ അടിക്കുറിപ്പ്. ഇതോടെ വളരെ വേഗത്തിലാണ് ടെംജന്‍ ഇംനയുടെ ഫോട്ടോയും അടിക്കുറിപ്പും പങ്കുവയ്ക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ മീമുകളും ട്രോളുകളുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് ഏറെയും മന്ത്രിയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്.






