
ലഖ്നൗ: അലക്ഷ്യമായി റോഡില്‍ പാര്‍ക്ക് ചെയ്ത ബി.ജെ.പി. നേതാവിന്റെ വാഹനം ആംബുലന്‍സിനു വഴിമുടക്കി. നെഞ്ചുവേദന മൂര്‍ച്ഛിച്ച രോഗി ചികിത്സ ലഭിക്കാന്‍ വൈകി മരിച്ചെന്ന് ആക്ഷേപം. ഉത്തരവാദിത്ത രഹിതമായ ചെയ്തി ചോദ്യംചെയ്ത രോഗിയുടെ ബന്ധുക്കളെ ''തീര്‍ത്തുകളയു''മെന്നു നേതാവിന്റെ ഭീഷണി.
ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണു ഞെട്ടിപ്പിക്കുന്ന സംഭവം. പ്രാദേശിക ബി.ജെ.പി. നേതാവായ ഉമേഷ് മിശ്രയാണു പ്രതിക്കൂട്ടിലായത്. നെഞ്ചുവേദന കലശലായി ലഖ്നൗവിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ യാത്രയായ സുരേഷ് ചന്ദ്രയാണു മരിച്ചത്.
അസ്വസ്ഥത പ്രകടിപ്പിച്ച ചന്ദ്രയെ സീതാപുരിലെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. രോഗിക്കു ഹൃദയാഘാതമുണ്ടായെന്നും വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആംബുലന്‍സില്‍ ചന്ദ്രയെ കൊണ്ടുപോകുന്നതിനിടെയാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.
ബി.ജെ.പി. നേതാവായ ഉമേഷ് മിശ്ര തന്റെ കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്തതാണ് കുരുക്കിനു വഴിവച്ചത്. വാഹനങ്ങളുടെ നീണ്ട നിരയില്‍ അരമണിക്കൂറോളം ആംബുലന്‍സ് മുന്നോട്ടെടുക്കാന്‍ സാധിച്ചില്ല.
ഒടുവില്‍ നേതാവെത്തി വാഹനം മാറ്റിയതോടെയാണു കുരുക്കഴിഞ്ഞത്. ചികിത്സാസഹായം ലഭിക്കേണ്ട നിര്ണായകനിമിഷങ്ങള് പാഴായതോടെ നെഞ്ചുവേദന കലശലായി സുരേഷ് ചന്ദ്ര മരണത്തിനു കീഴടങ്ങി. ഇതേച്ചൊല്ലി ചന്ദ്രയുടെ ബന്ധുവുമായി പോലീസിന്റെ സാന്നിധ്യത്തില്‍ ഉമേഷ് മിശ്ര വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
ഇതിനിടെയായിരുന്നു ഭീഷണി. പരാതിക്കാരെ പോലീസ് കേസില്‍ കുടുക്കുമെന്നായിരുന്നു മിശ്രയുടെ അട്ടഹാസം. തങ്ങളുടെ നിര്‍ദേശാനുസരണമാണു ജില്ലാ മജിസ്ട്രേറ്റും എസ്.പിയും പ്രവര്‍ത്തിക്കുന്നതെന്നും പരാതിക്കാരെ തീര്‍ത്തുകളയുമെന്നും മിശ്ര പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ഏതാനും പോലീസുകാരും ദൃശ്യങ്ങളിലുണ്ട്. ഇവരില്‍ ഒരാള്‍പോലും വിഷയത്തില്‍ ഇടപെട്ടില്ല. രോഗിയുടെ ബന്ധുക്കളെ വിരട്ടിയശേഷഗ മിശ്ര കാറില്‍ കയറി പോകുകയും ചെയ്തു. പോലീസ് നിഷ്ക്രിയത്വത്തിനെതിരേ സാമൂഹികമാധ്യങ്ങളിലടക്കം വിമര്‍ശനം ശക്തമാണ്.






